India Women vs New Zealand Women: ലോകകപ്പില്‍ ഇന്ത്യക്ക് നാണംകെട്ട തുടക്കം; ന്യൂസിലന്‍ഡിനോടു തോറ്റത് 58 റണ്‍സിന്
ക്യാപ്റ്റന്‍ സോഫി ഡിവൈന്‍ നേടിയ അര്‍ധ സെഞ്ചുറിയാണ് ന്യൂസിലന്‍ഡിനു ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്
India Women vs New Zealand Women
India Women vs New Zealand Women: വനിത ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്ക് നാണംകെട്ട തുടക്കം. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോടു 58 റണ്‍സിനു തോറ്റു. ടോസ് ലഭിച്ച് ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് നേടി. ഇന്ത്യ 19 ഓവറില്‍ 102 നു ഓള്‍ഔട്ട് ആയി. ഇന്ത്യന്‍ താരങ്ങളില്‍ ഒരാള്‍ക്കു പോലും വ്യക്തിഗത സ്‌കോര്‍ 20 കടത്താന്‍ സാധിച്ചില്ല.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (15), ജെമിമ റോഡ്രിഗസ് (13), റിച്ച ഘോഷ് (12), ദീപ്തി ശര്‍മ (13), സ്മൃതി മന്ദാന (12), ഷഫാലി വര്‍മ (രണ്ട്) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഇന്ത്യയുടെ അഞ്ച് താരങ്ങള്‍ രണ്ടക്കം കാണാതെ പുറത്തായി. നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ റോസ്‌മേരി മയര്‍, നാല് ഓവറില്‍ 15 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലീ തഹൂഹു, രണ്ട് വിക്കറ്റ് സ്വന്തമാക്കിയ ഏദന്‍ കാര്‍സന്‍ എന്നിവരാണ് കിവീസിനായി മികച്ച ബൗളിങ് പ്രകടനം നടത്തിയത്.
ക്യാപ്റ്റന്‍ സോഫി ഡിവൈന്‍ നേടിയ അര്‍ധ സെഞ്ചുറിയാണ് ന്യൂസിലന്‍ഡിനു ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 36 പന്തുകളില്‍ ഏഴ് ഫോറുകള്‍ അടക്കം 57 റണ്‍സുമായി ഡിവൈന്‍ പുറത്താകാതെ നിന്നു. ജോര്‍ജിയ പ്ലിമ്മര്‍ 23 പന്തില്‍ 34 റണ്‍സ് നേടി. ഇന്ത്യക്കായി രേണുക സിങ് രണ്ടും അരുന്ദതി റെഡ്ഡി, മലയാളി താരം ആശ ശോഭന എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.