സൂപ്പര്‍ എട്ടിലെ ആദ്യ പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി രണ്ടാമത്തെ സൂപ്പര്‍ എട്ട് പോരാട്ടത്തിനൊരുങ്ങുകയാണ് ഇന്ത്യ. ഇതുവരെ കളിച്ച ഒരു മത്സരങ്ങളിലും പരാജയം നേരിട്ടിട്ടില്ലെങ്കിലും സൂപ്പര്‍ 8ന് ശേഷം സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ നടക്കും എന്നതിനാല്‍ തന്നെ നിലവിലെ ഇന്ത്യന്‍ ടീമിന്റെ മുന്‍നിര തകരുന്നത് ആരാധകര്‍ക്ക് ആശങ്ക നല്‍കുന്നതാണ്. നായകനായ രോഹിത് ശര്‍മയും ഓപ്പണര്‍ വിരാട് കോലിയും ഇതുവരെ ഫോമിലേക്ക് വന്നിട്ടില്ല എന്നത് നോക്കൗട്ട് ഘട്ടത്തില്‍ ടീമിന് വിനയാകുമെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ പറയുന്നത്.
ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകളിലെ ഓപ്പണര്‍മാര്‍ ആദ്യ പന്ത് മുതല്‍ റണ്‍സെടുക്കുക എന്ന സമീപനത്തില്‍ കളിക്കുമ്പോള്‍ മത്സരത്തില്‍ എതിരാളിക്ക് മുകളില്‍ ആധിപത്യം നേടാനാവുന്ന പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടമാകാതിരിക്കാന്‍ കളിക്കേണ്ട ഗതികേടിലാണ് ഇന്ത്യ. ഇനി വിക്കറ്റ് നഷ്ടപ്പെടുത്തുന്നില്ലെങ്കിലും ആറോവറില്‍ കാര്യമായ റണ്‍സ് വന്നില്ലെങ്കില്‍ അത് പിന്നാലെയെത്തുന്ന ബാറ്റര്‍മാര്‍ക്ക് സമ്മര്‍ദ്ദം സൃഷ്ടിക്കുകയും ചെയ്യും. ഒന്ന് രണ്ട് മത്സരങ്ങളില്‍ നല്ല പ്രകടനം നടത്തിയെങ്കിലും മൂന്നാം നമ്പറില്‍ ഇറങ്ങുന്ന റിഷഭ് പന്ത് പോലും ഇന്ത്യന്‍ നിരയില്‍ വിശ്വസിക്കാവുന്ന ബാറ്ററല്ല. നിലവില്‍ സൂര്യകുമാര്‍ മാത്രമാണ് ഉത്തരവാദിത്വത്തോടെ ഇന്ത്യന്‍ നിരയില്‍ ബാറ്റ് വീശുന്നത്.
സ്പിന്‍ ബാഷര്‍ എന്ന പ്രൊഫൈലില്‍ ടീമിലുള്ള ശിവം ദുബെയ്ക്ക് ഇതുവരെയും തിളങ്ങാന്‍ സാധിച്ചിട്ടില്ല. പന്ത് കൊണ്ടും കാര്യമായ സംഭാവന ചെയ്യാന്‍ സാധിക്കാത്തതിനാല്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി ദുബെ തിളങ്ങാത്തത് അടുത്ത കളികളില്‍ ടീമിന് പ്രശ്‌നം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ബോളുകൊണ്ട് തിളങ്ങാനാവാത്ത ജഡേജ ബാറ്റ് കൊണ്ടും പരാജയമായതിനാല്‍ ലോവര്‍ മിഡില്‍ ഓവറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ,അക്‌സര്‍ പട്ടേല്‍ എന്നിവരെയാണ് ടീം ആശ്രയിക്കുന്നത്. ടൂര്‍ണമെന്റില്‍ ഉടനീളം ബാറ്റിംഗ് നിര പരാജയമാണെങ്കിലും ബൗളിംഗില്‍ ഇന്ത്യ പുലര്‍ത്തുന്ന മികവാണ് ഇതിനെ എടുത്തുകാണിക്കാത്തത്.
എന്നാല്‍ സൂപ്പര്‍ എട്ട് കഴിഞ്ഞാല്‍ ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ് എന്നിവരില്‍ ഏതെങ്കിലും ടീമാകും ഇന്ത്യയ്ക്ക് സെമിയില്‍ എതിരാളികളായി വരിക. മികച്ച ഫോമിലുള്ള ഇംഗ്ലണ്ട് ഏത് ടീമിനെയും തച്ച് തകര്‍ക്കാന്‍ ശേഷിയുള്ള ടീമാണ്. വെസ്റ്റിന്‍ഡീസിനാണെങ്കില്‍ ഹോം ഗ്രൗണ്ടിന്റെ മുന്‍തൂക്കവും ലഭിക്കും. ബൗളിംഗില്‍ ജസ്പ്രീത് ബുമ്രയ്‌ക്കോ ബാറ്റിംഗില്‍ സൂര്യകുമാര്‍ യാദവിനോ ഒരു ഓഫ് ഡേ സംഭവിക്കുന്ന പക്ഷം വളരെ എളുപ്പത്തില്‍ തന്നെ പതിവ് പോലെ സെമിയിലോ ഫൈനലിലോ ഇന്ത്യ തോല്‍ക്കാനാണ് സാധ്യത അധികവും.
ഓപ്പണിംഗില്‍ മോശം പ്രകടനം നടത്തുന്ന വിരാട് കോലിയെ മൂന്നാം നമ്പറിലേക്ക് തന്നെ തിരിച്ചുകൊണ്ടുവരികയോ ശിവം ദുബെയ്ക്ക് പകരം സഞ്ജു സാംസണിനെ കളിപ്പിക്കുകയോ ഓപ്പണിംഗില്‍ കോലിയ്ക്ക് പകരം പന്തിനെയോ ജയ്‌സ്വാളിനെയോ ഓപ്പണ്‍ ചെയ്യിക്കുകയല്ലാതെ ഇന്ത്യയ്ക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ല. എന്നാല്‍ ഈ പരീക്ഷണങ്ങള്‍ എല്ലാം തന്നെ 22ന് ബംഗ്ലാദേശിനെതിരെ നടക്കുന്ന മത്സരത്തിലെ ഇന്ത്യയ്ക്ക് ചെയ്യാനാകു. ഇനിയും മാറ്റങ്ങള്‍ കൊണ്ടുവന്നില്ലെങ്കില്‍ ഈ ടീം നോക്കൗട്ടില്‍ വീണുപോകാന്‍ സാധ്യത വളരെയധികമാണ്.