കോവിഡ്19 വ്യാപനത്തെ തുടർന്ന് അനിശ്ചിതത്വത്തിലായ ഐപിഎല്‍ 13ആം സീസണ്‍ സെപ്റ്റംബര്‍ 19ന് ആരംഭിയ്ക്കും. ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ദുബായിലാണ് മത്സരങ്ങൾ നടക്കുക. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കേണ്ട ട്വന്റി-20 ലോകകപ്പ് മാറ്റിവച്ചതിനെ തുടര്‍ന്നാണ് ഐപിഎല്‍ നത്തുന്നതിൽ അന്തിമ തീരുമാനത്തിലെത്തിയത്.
മല്‍സരങ്ങളുടെ തിയതിയും സമയക്രമവും അടുത്ത ആഴ്ച നടക്കുന്ന ബിസിസിഐ യോഗത്തില്‍ തീരുമാനിക്കും. 51 ദിവസം നീണ്ടുനില്‍ക്കുന്ന മല്‍സരം അടച്ചിട്ട സ്‌റ്റേഡിയത്തിലാണ് നടക്കുക. നേരത്തെ മുംബൈയിൽ തന്നെ ഐപിഎൽ നടത്താൻ നീക്കം നടത്തിയിരുന്നെങ്കിലും ഇന്ത്യയില്‍ കൊവിഡ്19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ടൂര്‍ണ്ണമെന്റ് ദുബായിലേക്ക് മാറ്റിയത്. നവംബർ എട്ടിനാണ് ഐപിഎൽ ഫൈനൽ നടക്കുക.
ദുബായിൽ അടച്ചിട്ട വേദികളിൽ ഐപിലെ നടക്കും എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഫ്രാഞ്ചൈസികൾക്ക് പരീശീലനം നടത്തുന്നതിനായി എമറേറ്റ്സ് ക്രിക്കറ്റ് ബോർഡ് തയ്യാറെടുപ്പുകളും ആരംഭിച്ചിരുന്നു. പിന്നാലെയാണ് പ്രഖ്യാപനം ഇതിന് മുൻപ് 2009ലും 2014 ലുമാണ് ഐപിഎല്‍ ഇന്ത്യയ്ക്ക് പുറത്ത് നടത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്നായിരുന്നു ഇത്. 2009ല്‍ ദക്ഷിണാഫ്രിക്ക വേദിയായപ്പോള്‍ 2014ല്‍ ആദ്യഘട്ട മത്സരങ്ങള്‍ യുഎഇയിലാണ് നടന്നത്.