Yuvraj Singh in International Masters League T20: 'അല്ലേലും കങ്കാരുക്കളെ കണ്ടാല്‍ ഭ്രാന്താണ്'; ഓസീസിനെ അടിച്ചോടിച്ച് യുവരാജ് സിങ്, ഇന്ത്യ ഫൈനലില്‍
ഇന്ത്യക്കായി ഷഹബാസ് നദീം നാല് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി കളിയിലെ താരമായി
Yuvraj Singh: ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ലീഗ് ട്വന്റി 20 സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെ കീഴടക്കി ഇന്ത്യ. ഷെയ്ന്‍ വാട്‌സണ്‍ നയിക്കുന്ന ഓസ്‌ട്രേലിയയെ 94 റണ്‍സിനാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നയിക്കുന്ന ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയ 18.1 ഓവറില്‍ 126 നു ഓള്‍ഔട്ട് ആയി.
30 പന്തില്‍ ഏഴ് സിക്‌സും ഒരു ഫോറും സഹിതം 59 റണ്‍സ് നേടിയ യുവരാജ് സിങ് ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 2011 ഏകദിന ലോകകപ്പ് ഓര്‍മിപ്പിക്കുന്ന വിധം ഓസീസിനെ യുവി തലങ്ങും വിലങ്ങും അടിച്ചു. സച്ചിന്‍ 30 പന്തില്‍ 42 റണ്‍സ് നേടി. സ്റ്റുവര്‍ട്ട് ബിന്നി (21 പന്തില്‍ 36), യൂസഫ് പത്താന്‍ (10 പന്തില്‍ 23), ഇര്‍ഫാന്‍ പത്താന്‍ (ഏഴ് പന്തില്‍ പുറത്താകാതെ 19) എന്നിവരും ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കി.
മറുപടി ബാറ്റിങ്ങില്‍ ബെന്‍ കട്ടിങ് (30 പന്തില്‍ 39), ബെന്‍ ഡങ്ക് (12 പന്തില്‍ 21), ഷോണ്‍ മാര്‍ഷ് (15 പന്തില്‍ 21), നഥാന്‍ റീര്‍ഡന്‍ (14 പന്തില്‍ 21) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഇന്ത്യക്കായി ഷഹബാസ് നദീം നാല് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി കളിയിലെ താരമായി. ഇര്‍ഫാന്‍ പത്താനും വിനയ് കുമാറിനും രണ്ട് വീതം വിക്കറ്റുകള്‍.
ഇന്ന് നടക്കാനിരിക്കുന്ന ശ്രീലങ്ക മാസ്റ്റേഴ്‌സ് vs വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്‌സ് സെമി മത്സരത്തിലെ വിജയികള്‍ 16 നു നടക്കുന്ന ഫൈനലില്‍ ഇന്ത്യയെ നേരിടും.