ടെസ്റ്റ് ക്രിക്കറ്റിന് അനുയോജ്യനല്ല എന്ന ലേബലിൽ നിന്നും ഇന്ത്യൻ ഓപ്പണിങ് താരം രോഹിത് ശർമ മോചിതനായത് ഇത്തവണത്തെ ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നു. മുൻപ് ഇന്ത്യയിൽ നടന്ന ടെസ്റ്റ് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്‌ച്ചവെച്ചിരുന്നെങ്കിലും ഇന്ത്യയ്ക്ക് പുറത്ത് തന്റെ കഴിവ് തെളിയിക്കാൻ താരത്തിനായില്ല. എന്നാൽ ഈ വിമർശനങ്ങൾക്കെല്ലാമുള്ള മറുപടിയായിരുന്നു രോഹിത് ശർമ ഇക്കുറി ഇംഗ്ലണ്ടിൽ നൽകിയത്. ഇപ്പോഴിതാ രോഹിത്തിന്റെ ഓവൽ ടെസ്റ്റിലെ പ്രകടനത്തെ പുകഴ്‌ത്തി രംഗത്ത് വന്നിരിക്കുകയാണ് മുൻ പാകിസ്താൻ താരമായ ഇൻസമാം ഉൾഹഖ്.
ഇന്ത്യയെ സംബന്ധിച്ച് ശക്തമായ തിരിച്ചുവരവിനുള്ള ഊര്‍ജമാണ് രോഹിതിന്റെ പ്രകടനം നല്‍കിയിരിക്കുന്നതെന്നാണ് ഇൻസമാം പറയുന്നത്. വിദേശത്ത് രോഹിത്തിന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയാണിത്. അതും ഓവല്‍ പോലൊരു മൈതാനത്ത്.മികച്ച ഇന്നിങ്‌സ് തന്നെയാണ് രോഹിത് കളിച്ചത്. അവന്‍ ഈ സെഞ്ച്വറി നേട്ടം അര്‍ഹിക്കുന്നു. മികച്ച പോരാട്ടവീര്യം പരമ്പരയിലുടെനീളം അവന്‍ കാണിച്ചിരുന്നു. ഒടുവിൽ രോഹിത്തിന്റെ ദിവസം വന്നിരിക്കുകയാണ്.
ന്യൂബോളില്‍ ക്ഷമയോടെ കളിച്ച് നിലയുറപ്പിച്ച രോഹിത് തന്റെ സ്വഭാവിക ഷോട്ടുകളിലേക്ക് എത്തുകയായിരുന്നു. സിക്‌സറിലൂടെ താരം സെഞ്ചുറി നേടിയത് അവൻ എത്രത്തോളം തന്റെ കഴിവിൽ വിശ്വാസം അർപ്പിച്ചിട്ടുണ്ട് എന്നതിന്റെ തെളിവാണ്. ഇൻസമാം പറഞ്ഞു. ടീമിന്റെ സാഹചര്യത്തിനനുസരിച്ചാണ് രോഹിത് കളിച്ചത്. എന്നെ സംബന്ധിച്ച് പറഞ്ഞാല്‍ രോഹിതിന്റെ ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിങ്‌സാണിത്'-ഇന്‍സമാം പറഞ്ഞു.