2022 മുതൽ ഐപിഎല്ലിൽ 10 ടീമുകൾ മത്സരിക്കുമെന്ന വാർത്തകൾ നേരത്തെ തന്നെ ക്രിക്കറ്റ് ലോകത്ത് ചർച്ചാവിഷയമായിരുന്നു. അദാനി ഗ്രൂപ്പ് ഉൾപ്പടെ ഐപിഎൽ ടീമിനായി രംഗത്തുണ്ടെങ്കിലും ആർക്കായിരിക്കും ടീമിനെ അനുവദിക്കുക എന്നത് സംബന്ധിച്ച് ഉറപ്പില്ല. എങ്കിലും ലേല നടപടികൾക്ക് അടക്കമുള്ള നിർദേശങ്ങൾ ബിസിസിഐ നൽകിയതായാണ് റിപ്പോർട്ടുകൾ.
ഇപ്പോളിതാ ടീമുകളുടെ എണ്ണത്തിൽ മാത്രമല്ല ഐപിഎൽ ഫോർമാറ്റിലടക്കം 2022മുതൽ മാറ്റങ്ങളുണ്ടാകുമെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.നിലവിൽ എട്ട് ടീമുകൾ പരസ്‌പരം മത്സരിക്കുകയും തുടർന്ന് പോയന്റ് പട്ടികയിൽ മുന്നിലെത്തുന്ന നാല് ടീമുകൾ പ്ലേ ഓഫിലേക്ക് കടക്കുകയും ചെയ്യുന്ന റൗണ്ട് റോബിൻ രീതിയാണ് ടൂർണമെന്റിനുള്ളത്.
എന്നാൽ അടുത്തവർഷം മുതൽ 5 ടീമുകൾ വീതമുള്ള 2(എ,ബി) ഗ്രൂപ്പുകളായാകും ടീമുകൾ കളിക്കുക. ഇത്തരത്തിൽ ഓരോ ടീമും സ്വന്തം ഗ്രൂപ്പിലുള്ള ടീമുകൾക്കെതിരെ ഓരോ എവേ ഹോം മത്സരങ്ങൾ കളിക്കും. എ ഗ്രൂപ്പിലെ ടീമുകൾക്ക് ബി ഗ്രൂപ്പിലെ ഏതെങ്കിലുമൊരു ടീമിനെതിരെ മാത്രമായിരിക്കും രണ്ട് മത്സരമുണ്ടാവുക. മറ്റ് നാല് ടീമുകൾക്കെതിരെ ഓരോ മത്സരങ്ങൾ വീതം ഉണ്ടാകും. 2011ൽ ഇതേ രീതിയിൽ ഐപിഎൽ മത്സരങ്ങൾ നടത്തിയിരുന്നെങ്കിലും വലിയ വിമർശനങ്ങളെ തുടർന്ന് ഈ ഫോർമാറ്റ് ഉപേക്ഷിക്കുകയായിരുന്നു.പുതിയ ഫോർമാറ്റ് പ്രകാരം 74 മത്സരങ്ങളാകും ടൂർണമെന്റിൽ ഉണ്ടാവുക.