സൂപ്പര്‍താരം എം.എസ്.ധോണി 2022 ഐപിഎല്ലില്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. 2021 സീസണ്‍ പൂര്‍ത്തിയാകുന്നതോടെ ധോണി ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കാനാണ് സാധ്യത. എന്നാല്‍, തനിക്ക് ഏറെ പ്രിയപ്പെട്ട ഫ്രാഞ്ചൈസിയുമായുള്ള ബന്ധം ഉടന്‍ ഉപേക്ഷിക്കാന്‍ താരം തയ്യാറല്ലെന്നാണ് റിപ്പോര്‍ട്ട്. അടുത്ത സീസണ്‍ ആകുമ്പോഴേക്കും ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സ് പരിശീലക സ്ഥാനത്തേക്ക് എത്താനാണ് സാധ്യത.
അതേസമയം, 2022ലെ ഐപിഎല്‍ സീസണിലേക്കുള്ള മെഗാലേലത്തിന്റെ നിബന്ധനകള്‍ ബിസിസിഐ പുറത്തിറക്കിയിട്ടുണ്ട്. 2021 സീസണിലെ ഐപിഎല്‍ പോരാട്ടം യുഎഇയില്‍ പുനരാരംഭിക്കാനിരിക്കെയാണ് മെഗാലേലത്തിന്റെ നിബന്ധനകള്‍ പുറത്തുവിട്ടത്.
മെഗാലേലത്തില്‍ നാല് താരങ്ങളെ ഫ്രാഞ്ചൈസികള്‍ക്ക് നിലനിര്‍ത്താം. ശേഷിക്കുന്ന താരങ്ങളെ റിലീസ് ചെയ്യണം. പുതിയ ഐപിഎല്‍ ടീമുകള്‍ കൂടി എത്തുമ്പോള്‍ മികച്ച താരങ്ങളെ സ്വന്തമാക്കാനുള്ള അവസരം കൂടി ഒരുക്കുന്നതിനായാണ് നാല് താരങ്ങളെ മാത്രം നിലനിര്‍ത്താം എന്ന നിബന്ധന കൊണ്ടുവന്നത്.
മൂന്ന് ഇന്ത്യന്‍ താരങ്ങളെയോ ഒരു വിദേശതാരത്തെയോ അല്ലെങ്കില്‍ 2 വീതം ഇന്ത്യന്‍ താരങ്ങളെയും വിദേശതാരങ്ങളെയും ഫ്രാഞ്ചൈസികള്‍ക്ക് നിലനിര്‍ത്താം. കഴിഞ്ഞ തവണ 3 താരങ്ങളെ നിലനിര്‍ത്തുകയും രണ്ട് റൈറ്റ് ടൊ മാച്ച് അവസരവും ഫ്രാഞ്ചൈസികള്‍ക്ക് ഉപയോഗിക്കാമായിരുന്നു.