ഹോളണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ തകർപ്പൻ പ്രകടനത്തോടെ ഇംഗ്ലണ്ടിന് ലോകറെക്കോർഡ് സ്കോർ നേടികൊടുത്തതിൻ്റെ സന്തോഷത്തിലാണ് ഇംഗ്ലണ്ട് താരം ജോസ് ബട്ട്‌ലർ. മത്സരത്തിൽ വെറും 70 പന്തിൽ നിന്നും പുറത്താവാതെ 162 റൺസാണ് ജോസ് ബട്ട്‌ലർ അടിച്ചെടുത്തത്. 7 ഫോറും 14 സിക്സുമടങ്ങുന്നതായിരുന്നു താരത്തിൻ്റെ ഇന്നിങ്ങ്സ്.
ഇപ്പോഴിതാ തൻ്റെ മികച്ച പ്രകടനത്തിൻ്റെ ക്രെഡിറ്റ് ഐപിഎല്ലിന് നൽകിയിരിക്കുകയാണ് താരം. നല്ല ടച്ചിലാണ് ഞാൻ ഇവിടെ എത്തിയത്. നല്ല വിക്കറ്റായിരുന്നു. അക്രമിക്കാനുള്ള ലൈസൻസും കിട്ടിയിരുന്നു. എന്നെ സംബന്ധിച്ച് ഐപിഎൽ വളരെ മികച്ചതായിരുന്നു. ആഷസിന് ശേഷം 2 മാസത്തോളം ഞാൻ ക്രിക്കറ്റ് കളിച്ചിരുന്നില്ല. അത് ഐപിഎല്ലിൽ പുത്തനുണർവ് നൽകി. ബട്ട്‌ലർ പറയുന്നു.
ഐപിഎൽ പതിനഞ്ചാം സീസണിൽ ബട്ട്‌ലറുടെ മികവിലായിരുന്നു രാജസ്ഥാൻ റോയൽസ് ഫൈനൽ വരെ പ്രവേശിച്ചത്. 863 റൺസാണ് താരം കഴിഞ്ഞ സീസണിൽ രാജസ്ഥാനായി നേടിയത്. ഇതിൽ നാല് സെഞ്ചുറിയും നാല് അർധസെഞ്ചുറിയും ഉൾപ്പെടുന്നു.