ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റിലെ സ്റ്റാര്‍ കള്‍ച്ചറിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരമായ ഇര്‍ഫാന്‍ പത്താന്‍. വിരാട് കോലിയെ പേരെടുത്ത് വിമര്‍ശിച്ച പത്താന്‍ കഴിഞ്ഞ 5 വര്‍ഷക്കാലമായി മോശം ഫോമില്‍ കളിക്കുന്ന ഒരു താരത്തിന് ബിസിസിഐ എന്തിനാണ് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കുന്നതെന്നും ചോദിച്ചു. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ 8 തവണയാണ് ഓഫ്സ്റ്റമ്പിന് പുറത്തേക്ക് പോകുന്ന പന്തിന് ബാറ്റ് വെച്ച് കോലി വിക്കറ്റ് സമ്മാനിച്ചത്.
ഇന്ത്യ സൂപ്പര്‍ സ്റ്റാര്‍ കള്‍ച്ചറില്‍ നിന്നും ടീം കള്‍ച്ചറിലേക്ക് മാറേണ്ട സമയമായിരിക്കുകയാണ്. കഴിഞ്ഞ 5 വര്‍ഷമായുള്ള കോലിയുടെ സ്റ്റാറ്റ്‌സ് എടുത്തുനോക്കു. 30 ശരാശരിയിലാണ് കോലി കളിക്കുന്നത്. ഒരു സീനിയര്‍ താരത്തില്‍ നിന്ന് ഇത്ര മാത്രമാണോ നമ്മള്‍ പ്രതീക്ഷിക്കുന്നത്. അതിലും നല്ലത് ഈ സമയം ഒരു പുതിയ താരത്തിന് നല്‍കുന്നതാണ്. ആ താരം 25-30 ശരാശരിയിലാണ് കളിക്കുന്നതെങ്കില്‍ പോലും പുതിയൊരു താരത്തെ വളര്‍ത്തിയെടുക്കാന്‍ പറ്റും. നമ്മള്‍ ടീമിനെ പറ്റിയാണ് സംസാരിക്കുന്നത്. ഏതെങ്കിലും ഒരാളെ പറ്റിയല്ല.
കോലിയെ ഒരിക്കലും മോശം പറയുകയല്ല. ഇന്ത്യയ്ക്കായി ഒട്ടേറെ റണ്‍സും നേട്ടങ്ങളും നല്‍കിയ താരമാണ് കോലി. പക്ഷേ ഒരേ തെറ്റുകള്‍ കോലി ആവര്‍ത്തിക്കുകയാണ്. സുനില്‍ ഗവാസ്‌കര്‍ തന്നെ ഒരേ തെറ്റിനെ പറ്റി ഒരുപാട് സംസാരിച്ച് കഴിഞ്ഞു. ആ പിഴവ് തിരുത്താന്‍ ഒട്ടേറെ പ്രയത്‌നം ആവശ്യമായി വരും. എന്നാല്‍ അങ്ങനെയൊന്ന് കാണാനില്ല. എന്നാണ് വിരാട് കോലി അവസാനമായി ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചത്. 10 വര്‍ഷങ്ങള്‍ക്ക് മുകളിലായി കാണും. എന്നാല്‍ സച്ചിന്‍ തന്റെ കരിയറിന്റെ അവസാനക്കാലത്ത് പോലും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ തയ്യാറായി. കോലിയെ ബാറ്റിംഗ് പഠിപ്പിക്കാന്‍ ആര്‍ക്കാണ് സാധിക്കുക. അദ്ദേഹം ഒട്ടേറെ റണ്‍സുകള്‍ നേടിയ താരമാണ്. ഇര്‍ഫാന്‍ പറഞ്ഞു.
നിലവില്‍ 123 ടെസ്റ്റ് മാച്ചുകള്‍ കളിച്ചിട്ടുള്ള വിരാട് കോലി 46.85 ശരാശരിയില്‍ 9230 റണ്‍സാണ് നേടിയിട്ടുള്ളത്. 2020ന് ശേഷം കളിച്ച 39 ടെസ്റ്റുകളില്‍ 30.72 ശരാശരിയില്‍ 2028 റണ്‍സ് മാത്രമാണ് കോലി നേടിയിട്ടുള്ളത്. ടെസ്റ്റ് ക്രിക്കറ്റില്‍ 50 റണ്‍സിന് മുകളില്‍ ശരാശരി ഉണ്ടായിരുന്നതില്‍ നിന്നും 47ലേക്ക് വീഴുന്നതില്‍ കഴിഞ്ഞ 5 വര്‍ഷങ്ങളിലെ മോശം പ്രകടനമാണ് കാരണമായിട്ടുള്ളത്.