ആദ്യ ടെസ്റ്റിന് മുൻപ് ഇന്ത്യക്ക് കനത്ത തിരിച്ചടി, സൂപ്പർ താരം കളിച്ചേക്കില്ല

അഭിറാം മനോഹർ

വെള്ളി, 14 ഫെബ്രുവരി 2020 (15:23 IST)
ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്ക് തയ്യാറെടുക്കുന്ന ടീം ഇന്ത്യക്കു കനത്തതിരിച്ചടി. ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ഇന്ത്യൻ ടീമിലെ ഏറ്റവും പരിചയസമ്പന്നനായ പേസ് ബൗളർ ഇഷാന്ത് ശർമ്മ ആദ്യ മത്സരത്തിൽ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം വിദർഭക്കെതിരെ നടന്ന രഞ്ജി ട്രോഫി മത്സരത്തിൽ കണങ്കാലിനേറ്റ പരിക്കാണ് ഇഷാന്ത് ശർമ്മക്ക് വിനയായത്.
 
ഇഷാന്തിനേറ്റ പരിക്ക് ഗുരുതരമാണെന്നും ഇതേ തടർന്ന് പരമ്പര താരത്തിന് പൂർണമായി തന്നെ നഷ്ടപ്പെടുമെന്നുമാണ് നേരത്തെ പുറത്തുവന്നിരുന്ന റിപ്പോർട്ടുകൾ. എന്നാൽ പിന്നീട് പരിക്ക് അത്ര ഗൗരവമുള്ളതല്ലെന്നും ആദ്യ ടെസ്റ്റിന് മുൻപ് തന്നെ ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നുമായിരുന്നു പ്രതീക്ഷകൾ. എന്നാൽ ആദ്യ മത്സരത്തിന് പിന്നിൽ താരത്തിന് ശാരീരിക ക്ഷമത വീണ്ടെടുക്കാൻ സാധിച്ചില്ലെന്നും പരമ്പരയിലെ ആദ്യ മത്സരം നഷ്ടമാവുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
 
പരിക്ക് മാറി ടീമിൽ തിരിച്ചെത്തിയ ശേഷം ഇന്ത്യയുടെ പ്രധാന ബൗളറായ ജസ്‌പ്രീത് ബു‌മ്രക്ക് മികവ് നേടിയെടുക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഇഷാന്തിന്റെ പരിക്ക് ഇന്ത്യക്ക് തലവേദന സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പാണ്. അതേസമയം ആദ്യ ടെസ്റ്റിൽ ഇഷാന്ത് ശർമ്മക്ക് പകരം നവ്‌ദീപ് സൈനിയൊ,ഉമേഷ് യാദവോ ടീമിൽ ഇടം പിടിക്കുമെന്നാണ് കരുതുന്നത്. ഈ വർഷം ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന ഉമേശ് യാദവായിരിക്കും അധികപക്ഷവും ടീമിൽ ഇടം പിടിക്കുക.
 
കഴിഞ്ഞ വര്‍ഷം നവംബറില്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരേയാണ് ഇന്ത്യ അവസാനമായി ടെസ്റ്റ് മത്സരം കളിച്ചത്. ആദ്യമായി ഇന്ത്യ പിങ്ക് ബോൾ ഉപയോഗിച്ച് മത്സരിച്ചതും ഈ പരമ്പരയിലായിരുന്നു.ചരിത്രം സൃഷ്ടിച്ച പിങ്ക് ബോൾ ടെസ്റ്റിൽ മാൻ ഓഫ് മാച്ച് പുരസ്കാരം നേടിയത് ഇഷാന്ത് ശർമ്മയായിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഒടുവിൽ മികവിന് അംഗീകാരം: അഭിമാന നേട്ടം സ്വന്തമാക്കി ഇന്ത്യൻ ഹോക്കി ടീം നായകൻ