ഇന്ത്യക്കെതിരായ ദില്ലി ടെസ്റ്റിൻ്റെ രണ്ടാം ഇന്നിങ്ങ്സിൽ ഓസീസ് 113 റൺസിന് പുറത്ത്. ഒന്നാം ഇന്നിങ്ങ്സിൽ ഒരു റൺസ് ലീഡ് നേടിയിരുന്ന സന്ദർശകർ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിക്കുമ്പോൾ ഒരു വിക്കറ്റിന് 61 റൺസെന്ന നിലയിലായിരുന്നു.
രണ്ടാം ദിവസം ഇന്ത്യൻ ബൗളർമാർക്കെതിരെ ആധിപത്യം പുലർത്തുന്ന തന്ത്രമാണ് ഓസീസ് പുറത്തെടുത്തത്. എന്നാൽ രവിചന്ദ്ര അശ്വിൻ മൂന്നാം ദിനത്തിൻ്റെ ആദ്യം തന്നെ നാശം വിതച്ചതോടെ പേരുകേട്ട ഓസീസ് ബാറ്റിംഗ് നിര ചീട്ട് കൊട്ടാരം പോലെ തകർന്നുവീണു. അശ്വിന് തുടങ്ങിവെച്ചത് രവീന്ദ്ര ജഡേജ ഏറ്റെടുത്തതോടെ 51 റൺസെടുക്കുന്നതിനിടെ 7 വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്.
ഓസീസിൻ്റെ ആദ്യ മൂന്ന് വിക്കറ്റുകൾ അശ്വിൻ വീഴ്ത്തിയപ്പോൾ ബാക്കിയുള്ള ഏഴ് പേരെയും ജഡേജ പവലിയനിലേക്കയച്ചു. 43 റൺസെടുത്ത ഓപ്പണർ ട്രാവിസ് ഹെഡിനും 35 റൺസെടുത്ത മാർനസ് ലബുഷെയ്നിനും മാത്രമാണ് ഓസീസ് നിരയിൽ തിളങ്ങാനായത്.