കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ശഷ്വസി ജയ്‌സ്വാള്‍ സെഞ്ചുറി അടിക്കാത്തതിനു കാരണം സഞ്ജു സാംസണ്‍ ആണെന്ന് ആരാധകരുടെ പരാതി. സഞ്ജു ശ്രദ്ധിച്ചിരുന്നെങ്കില്‍ ജയ്‌സ്വാള്‍ സെഞ്ചുറി അടിക്കുമായിരുന്നു എന്നാണ് ആരാധകരുടെ വാദം.
നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഒന്‍പത് വിക്കറ്റുകള്‍ക്ക് തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയിരിക്കുകയാണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടിയപ്പോള്‍ രാജസ്ഥാന്‍ 13.1 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. യശസ്വി ജയ്സ്വാള്‍ (47 പന്തില്‍ 98), സഞ്ജു സാംസണ്‍ (29 പന്തില്‍ 48) എന്നിവരാണ് രാജസ്ഥാന് അനായാസ ജയം സമ്മാനിച്ചത്.
ജയ്സ്വാളിന് സെഞ്ചുറി നേടാന്‍ സാധിക്കാതെ പോയതില്‍ രാജസ്ഥാന്‍ ആരാധകര്‍ക്ക് വലിയ വിഷമമുണ്ട്. സഞ്ജു ഒന്ന് ആഞ്ഞുശ്രമിച്ചിരുന്നെങ്കില്‍ ജയ്സ്വാള്‍ സെഞ്ചുറി അടിക്കുമായിരുന്നു എന്നാണ് ചില ആരാധകരെങ്കിലും ഇപ്പോഴും കരുതുന്നത്. ജയ്സ്വാളിനെ മറുവശത്ത് സാക്ഷി നിര്‍ത്തി സഞ്ജു കിടിലന്‍ ഷോട്ടുകള്‍ കളിച്ചിരുന്നു. മിക്കതും ബൗണ്ടറി ആയതോടെ രാജസ്ഥാന് ചേസ് ചെയ്യാനുള്ള റണ്‍സ് അതിവേഗം കുറയുകയായിരുന്നു. ഇതാണ് ജയ്സ്വാളിന്റെ സെഞ്ചുറി നഷ്ടപ്പെടാന്‍ പ്രധാന കാരണം. വിജയലക്ഷ്യത്തോട് അടുത്തെത്തിയപ്പോള്‍ സഞ്ജുവിന് പതുക്കെ കളിക്കമായിരുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. അല്ലെങ്കില്‍ ജയ്‌സ്വാളിന് സ്‌ട്രൈക്ക് നല്‍കുന്ന രീതിയില്‍ കളി മാറ്റാമായിരുന്നു. അവസാന സമയത്ത് കൂടുതല്‍ പ്രഹരിച്ചു കളിക്കുകയാണ് സഞ്ജു ചെയ്തതെന്നും അതുകൊണ്ടാണ് ജയ്‌സ്വാളിന് സെഞ്ചുറിയടിക്കാന്‍ സാധിക്കാതെ പോയതെന്നും ആരാധകര്‍ പറയുന്നു.
അതേസമയം, ടീമിന്റെ നെറ്റ് റണ്‍റേറ്റ് ഉയരാന്‍ വേണ്ടിയാണ് സഞ്ജു കളി വേഗം ഫിനിഷ് ചെയ്തതെന്നാണ് മറ്റൊരു വിഭാഗം ആരാധകര്‍ പറയുന്നത്. ജയ്‌സ്വാളിന്റെ സെഞ്ചുറിയേക്കാള്‍ നെറ്റ് റണ്‍റേറ്റിനാണ് പ്രാധാന്യം നല്‍കേണ്ടത്. പ്ലേ ഓഫില്‍ കയറണമെങ്കില്‍ നെറ്റ് റണ്‍റേറ്റ് നിര്‍ണായകമാണ്. അതുകൊണ്ടാണ് സഞ്ജു ഇങ്ങനെ കളിച്ചതെന്നും അതില്‍ കുറ്റം പറയാന്‍ പറ്റില്ലെന്നും വേറൊരു കൂട്ടര്‍ പറയുന്നു.