Jemimah Rodrigues: : എന്റെ 50ലും 100ലും കാര്യമില്ല, ടീമിനെ വിജയിപ്പിക്കുന്നതായിരുന്നു പ്രധാനം: ജെമീമ
						
		
						
				
339 റണ്‍സെന്ന വിജയലക്ഷ്യത്തിന് മുന്‍പില്‍ തുടക്കത്തിലെ 2 വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയിട്ടും ഇന്ത്യ വിജയിച്ച് കയറിയത് ഒരു ടീമെന്ന നിലയില്‍ പൊരുതിയതിനൊപ്പം ജെമീമ റോഡ്രിഗസില്‍ നിന്നും വന്ന വ്യക്തിഗത മികവിന്റെ കൂടി ബലത്തിലാണ്.
			
		          
	  
	
		
										
								
																	ക്രിക്കറ്റില്‍ ഏത് പ്രതിസന്ധികളിലും തളരാത്ത ചില പോരാളികളുണ്ട്. എത്ര ദുര്‍ഘടമായ സാഹചര്യങ്ങളിലും മനകരുത്ത് കൊണ്ട് ടീമിനെ ഒറ്റയ്ക്ക് വിജയിപ്പിക്കാന്‍ സാധിക്കുന്നവര്‍. ഒരു ടീം സ്‌പോര്‍ട്ടാണെങ്കില്‍ പോലും പലപ്പോഴും ഇത്തരം വ്യക്തിഗത പ്രകടനങ്ങള്‍ ഒരു മത്സരഫലത്തെ പലപ്പോഴും മാറ്റിമറിയ്ക്കാറുണ്ട്. അത്തരമൊരു പ്രകടനത്തിനായിരുന്നു ഇന്നലെ നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയം സാക്ഷിയായത്. ഓസ്‌ട്രേലിയന്‍ വനിതകള്‍ ഉയര്‍ത്തിയ 339 റണ്‍സെന്ന വിജയലക്ഷ്യത്തിന് മുന്‍പില്‍ തുടക്കത്തിലെ 2 വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയിട്ടും ഇന്ത്യ വിജയിച്ച് കയറിയത് ഒരു ടീമെന്ന നിലയില്‍ പൊരുതിയതിനൊപ്പം ജെമീമ റോഡ്രിഗസില്‍ നിന്നും വന്ന വ്യക്തിഗത മികവിന്റെ കൂടി ബലത്തിലാണ്.
 
 			
 
 			
					
			        							
								
																	
	 
	 മത്സരത്തില്‍ 13 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്ടമായി. ടീം സ്‌കോര്‍ 59ല്‍ നില്‍ക്കെ വമ്പന്‍ ഫോമിലുള്ള സ്മൃതി മന്ദാന കൂടി മടങ്ങിയതോടെ ഇന്ത്യ പ്രതിസന്ധിയിലായതാണ്. എന്നാല്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീതിനെ കൂട്ടുപിടിച്ച ജെമീമ റോഡ്രിഗസ് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് ഉയര്‍ത്തി. 167 റണ്‍സ് അടിച്ചെടുത്ത് ഈ സഖ്യം വേര്‍പിരിയുമ്പോള്‍ ഇന്ത്യ മത്സരത്തിന്റെ കടിഞ്ഞാന്‍ സ്വന്തമാക്കിയിരുന്നു. അപ്പോഴും 100 റണ്‍സിലധികം വിജയിക്കാനായി ഇന്ത്യയ്ക്ക് ആവശ്യമായിരുന്നു. പിന്നീട് ക്രീസിലെത്തിയ ദീപ്തി ശര്‍മ്മയും റിച്ചാ ഘോഷും മനോഹരമായ കാമിയോ പ്രകടനങ്ങള്‍ നടത്തി റണ്‍റേറ്റ് ഉയര്‍ത്തിയതോടെ ഒരറ്റത്ത് നിലയുറപ്പിച്ച് ടീമിനെ മുന്നോട്ട് നയിക്കാന്‍ ജെമീമയ്ക്കായി. അമന്‍ജോത് കൗര്‍ വിജയറണ്‍സ് നേടുമ്പോള്‍ കരച്ചില്‍ അടക്കാനാവാതെയാണ് ജെമീമയെ മൈതാനത്ത് കാണാനായത്.
	 
	മത്സരത്തിന് ശേഷം ഏറെ വികാരാധീനയായാണ് ജെമീമ സംസാരിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ തന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് പറഞ്ഞ ജെമീമ മത്സരത്തില്‍ ഒരിക്കലും തന്റെ അര്‍ധസെഞ്ചുറിയെ പറ്റിയോ സെഞ്ചുറിയെ പറ്റിയോ ചിന്തിച്ചിട്ടുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി. ഇതിന് വേണ്ടിയാണ് ഇത്രയും കാലം എല്ലാം സംഭവിച്ചതെന്ന് തോന്നുന്നു.കഴിഞ്ഞ ലോകകപ്പില്‍ നിന്നും ഒഴിവാക്കപ്പെട്ടപ്പോള്‍ സങ്കടം തോന്നിയിരുന്നു. ഈ വര്‍ഷം അവസരം ലഭിച്ചപ്പോള്‍ ശ്രമിക്കാം എന്ന് കരുതി. ഈ ടൂറിലുടനീളം മിക്കവാറും എല്ലാ ദിവസവും കരഞ്ഞു. മാനസികമായി മികച്ച അവസ്ഥയിലായിരുന്നില്ല. ജെമീമ പറഞ്ഞു.