Joe Root: ലോര്‍ഡ്‌സില്‍ ജോ റൂട്ടിനു സെഞ്ചുറി; ദ്രാവിഡിനെയും സ്മിത്തിനെയും മറികടന്നു
ഒന്നാം ദിനമായ ഇന്നലെ കളി നിര്‍ത്തുമ്പോള്‍ റൂട്ടിന്റെ വ്യക്തിഗത സ്‌കോര്‍ 99 ആയിരുന്നു
Joe Root: ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് താരം ജോ റൂട്ടിനു സെഞ്ചുറി. 192 ബോളില്‍ 10 ഫോറുകള്‍ സഹിതമാണ് റൂട്ട് ടെസ്റ്റ് കരിയറിലെ 37-ാം സെഞ്ചുറി നേടിയത്.
ഒന്നാം ദിനമായ ഇന്നലെ കളി നിര്‍ത്തുമ്പോള്‍ റൂട്ടിന്റെ വ്യക്തിഗത സ്‌കോര്‍ 99 ആയിരുന്നു. രണ്ടാം ദിനമായ ഇന്ന് നേരിട്ട ആദ്യ പന്തില്‍ തന്നെ ജസ്പ്രിത് ബുംറയെ ബൗണ്ടറി അടിച്ചാണ് റൂട്ട് സെഞ്ചുറി തികച്ചത്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് റൂട്ട് എത്തി. ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡ്, ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് എന്നിവരെ മറികടന്നാണ് റൂട്ട് ടോപ്പ് ഫൈവില്‍ എത്തിയത്. കുമാര്‍ സംഗക്കാര, റിക്കി പോണ്ടിങ്, ജാക്വസ് കാലിസ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവരാണ് ഇനി റൂട്ടിനു മുന്നിലുള്ളത്.
ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ നേടുന്ന താരമെന്ന നേട്ടവും റൂട്ട് സ്വന്തമാക്കി. ഇന്ത്യക്കെതിരെ 60 ഇന്നിങ്‌സില്‍ നിന്ന് റൂട്ടിന്റെ 11-ാം സെഞ്ചുറിയാണിത്. 46 ഇന്നിങ്‌സില്‍ നിന്ന് 11 സെഞ്ചുറിയുള്ള സ്റ്റീവ് സ്മിത്തും റൂട്ടിനൊപ്പമുണ്ട്.