ഇന്ത്യ- ഓസീസ് ടി20 പരമ്പരയിലെ ആദ്യ മത്സരം നാളെ മൊഹാലിയിൽ നടക്കാനിരിക്കെ ഏഷ്യാകപ്പിലെ മോശം സ്ട്രൈക്ക് റേറ്റ് സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകി ടീം വൈസ് ക്യാപ്റ്റനും ഓപ്പണറുമായ കെ എൽ രാഹുൽ. ഓപ്പണർ എന്ന നിലയിൽ സ്ട്രൈക്ക്റേറ്റ് മെച്ചപ്പെടുത്തേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ആരും പെർഫെക്ട് അല്ലെന്നും ഓരോ തരത്തിൽ പല കാര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണെന്നും രാഹുൽ പ്രതികരിച്ചു.
സ്ട്രൈക്ക് റേറ്റ് സാഹചര്യം അനുസരിച്ചാണ് വിലയിരുത്തേണ്ടത്. ചില മത്സരത്തിൽ 100 സ്ട്രൈക്ക്റേറ്റിൽ ബാറ്റ് ചെയ്താലും ജയിക്കാനാവും. അതുകൊണ്ട് തന്നെ എല്ലാകളിയും 200 സ്ട്രൈക്ക്റേറ്റിൽ ബാറ്റ് ചെയ്യേണ്ടതില്ല. 120-130 സ്ട്രൈക്ക്റേറ്റിൽ ബാറ്റ് ചെയ്താലും ടീം വിജയിച്ചാൽ പോരെ. ഇതൊന്നും ആരും വിലയിരുത്താറില്ല. രാഹുൽ പറഞ്ഞു.
കഴിഞ്ഞ 10-12 മാസങ്ങളായി റ്റീമിലെ ഓരോ താരവും അവരവരുടെ റോളിനെ പറ്റി കൃത്യമായി ധാരണയുള്ളവരാണ്. അതിനനുസരിച്ചാണ് ടീം മുന്നോട്ട് പോകുന്നത്. ഓപ്പണർ എന്ന നിലയിൽ കൂടുതൽ മെച്ചപ്പെടാനാണ് ഓരോ മത്സരത്തിലും ശ്രമിക്കുന്നത്. ബാറ്റ് ചെയ്യാനിറങ്ങുമ്പോള്‍ മത്സരത്തില്‍ എങ്ങനെ ഇംപാക്ട് സൃഷ്ടിക്കാമെന്നതിലാണ് തന്‍റെ ശ്രദ്ധയെന്നും രാഹുല്‍ പറഞ്ഞു.