ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ- ന്യൂസിലന്‍ഡ് ആവേശപോരാട്ടത്തില്‍ ആരാധകരെ അമ്പരപ്പിച്ച് ന്യൂസിലന്‍ഡ് സൂപ്പര്‍ താരം കെയ്ന്‍ വില്യംസണ്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ന്യൂസിലന്‍ഡ് ബൗളിംഗ് ആക്രമണത്തിന് മുന്നില്‍ പതറിയപ്പോള്‍ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സാണ് നേടിയത്. 79 റണ്‍സുമായി ശ്രേയസ് അയ്യരും 42 റണ്‍സുമായി അക്ഷര്‍ പട്ടേലും 45 റണ്‍സുമായി ഹാര്‍ദ്ദിക് പാണ്ഡ്യയുമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.
ഇന്ത്യയുടെ ബാറ്റിംഗ് അവസാനിക്കുമ്പോള്‍ പക്ഷേ മത്സരത്തില്‍ കയ്യടി വാങ്ങിയത് 2 ന്യൂസിലന്‍ഡ് താരങ്ങളാണ്. വിരാട് കോലിയെ പുറത്താക്കിയ തകര്‍പ്പന്‍ ക്യാച്ചോടെ ഗ്ലെന്‍ ഫിലിപ്‌സ് സംസാരവിഷയമായിരുന്നു. എന്നാല്‍ ഗ്ലെന്‍ ഫിലിപ്‌സിനെ തന്നെ വെല്ലുവിളിക്കുന്ന പ്രകടനമാണ് ഫീല്‍ഡില്‍ ന്യൂസിലന്‍ഡിനായി കെയ്ന്‍ വില്യംസണ്‍ കാഴ്ചവെച്ചത്. മത്സരത്തില്‍ മാറ്റ് ഹെന്റി എറിഞ്ഞ 46മത് ഓവറില്‍ ജഡേജയെ പറന്ന് പിടിച്ചുകൊണ്ടാണ് വില്യംസണ്‍ കാണികളെ അമ്പരപ്പിച്ചത്. ബാക്ക്വേഡ് പോയന്റില്‍ നിന്നായിരുന്നു വില്യംസണിന്റെ ക്യാച്ച്. ഇടതുകയ്യിലാണ് താരം ക്യാച്ച് കൈക്കലാക്കിയത്.