ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 305 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരെഞ്ഞെടുത്ത ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടും ബെന്‍ ഡെക്കറ്റും ചേര്‍ന്ന് നല്‍കിയത്. വിക്കറ്റ് വീഴാതെ സൂക്ഷിച്ചുകൊണ്ട് റണ്‍സ് നേടിയെടുക്കാനാണ് മത്സരത്തില്‍ ഉടനീളം ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ ശ്രമിച്ചത്. അതിനാല്‍ തന്നെ ഇന്ത്യയുടെ സ്പിന്‍ കുരുക്കില്‍ കാര്യമായ അപകടങ്ങളില്ലാതെ പോകാന്‍ ഇംഗ്ലണ്ട് നിരയ്ക്കായി.
മത്സരത്തിന്റെ പതിനൊന്നാം ഓവറിലാണ് ഇംഗ്ലണ്ടിന്റെ വിക്കറ്റ് നഷ്ടമായത്. എന്നാല്‍ ഓരോ വിക്കറ്റ് വീണശേഷവും താരതമ്യേന മോശമല്ലാത്ത കൂട്ടുക്കെട്ടുകള്‍ സൃഷ്ടിക്കാന്‍ ഇംഗ്ലണ്ടിനായി. ഇംഗ്ലണ്ടിനായി ബെന്‍ ഡെക്കറ്റ് 56 പന്തില്‍ 65 റണ്‍സും ജോ റൂട്ട് 72 പന്തില്‍ 69 റണ്‍സും നേടി. 34 റണ്‍സുമായി ജോസ് ബട്ട്ലറും 31 റണ്‍സുമായി ഹാരി ബ്രൂക്കും മികച്ച പിന്തുണയാണ് ജോ റൂട്ടിന് നല്‍കിയത്. അവസാന ഓവറുകളില്‍ റണ്‍സ് ഉയര്‍ത്തിയ ലിയാം ലിവിങ്ങ്സ്റ്റണ്‍ 31 പന്തില്‍ 41 റണ്‍സും ആദില്‍ റഷീദ് 5 പന്തില്‍ 14 റണ്‍സും സ്വന്തമാക്കി. ഈ പ്രകടനങ്ങളാണ് ഇംഗ്ലണ്ട് സ്‌കോര്‍ 300 കടത്തിയത്.
ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ മൂന്നും വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, ഹര്‍ഷിത് റാണ, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.