Kerala Cricket League 2025: 'സഞ്ജുവില്ലെങ്കിലും ഡബിള്‍ സ്‌ട്രോങ്'; കൊച്ചി ഫൈനലില്‍, കലാശക്കൊട്ടില്‍ കൊല്ലം എതിരാളികള്‍
രണ്ടാം സെമിയില്‍ ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്‌സ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് നേടിയത്
Kerala Cricket League 2025 Final: കേരള ക്രിക്കറ്റ് ലീഗിലെ രണ്ടാം സെമി ഫൈനലില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനു ജയം. കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ 15 റണ്‍സിനു തോല്‍പ്പിച്ചാണ് കൊച്ചിയുടെ ഫൈനല്‍ പ്രവേശനം. സെപ്റ്റംബര്‍ ഏഴ് ഞായറാഴ്ച നടക്കുന്ന കലാശക്കൊട്ടില്‍ ഏരീസ് കൊല്ലം സൈലേഴ്‌സ് ആണ് കൊച്ചിയുടെ എതിരാളികള്‍.
രണ്ടാം സെമിയില്‍ ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്‌സ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ നിശ്ചിത 20 ഓവറില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനു ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 171 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
സഞ്ജു സാംസണിന്റെ അഭാവം അറിയാതെയാണ് കൊച്ചി ബാറ്റ് ചെയ്തത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നിഖില്‍ തോട്ടത്ത് 36 പന്തില്‍ ഏഴ് സിക്‌സും ഒരു ഫോറും സഹിതം 64 റണ്‍സുമായി പുറത്താകാതെ നിന്നു. വിപിന്‍ ശക്തി (28 പന്തില്‍ 37), മുഹമ്മദ് ആഷിക് (10 പന്തില്‍ 31), അജീഷ് കെ. (20 പന്തില്‍ 24) എന്നിവരും തിളങ്ങി. സഞ്ജുവിന്റെ സഹോദരന്‍ സാലി സാംസണ്‍ റണ്‍സൊന്നും എടുക്കാതെ പുറത്തായി.
മറുപടി ബാറ്റിങ്ങില്‍ അഖില്‍ സ്‌കറിയ (37 പന്തില്‍ പുറത്താകാതെ 72) തിളങ്ങിയെങ്കിലും കാലിക്കറ്റിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. കൃഷ്ണ ദേവന്‍ (13 പന്തില്‍ 26), അമീര്‍ഷ എസ്.എന്‍ (12 പന്തില്‍ 23) എന്നിവരും കാലിക്കറ്റിനായി പൊരുതി.
ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ കൊച്ചിയുടെ മുഹമ്മദ് ആഷിക് ആണ് കളിയിലെ താരം. നാല് ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി കാലിക്കറ്റിന്റെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്താന്‍ ആഷിക്കിനു സാധിച്ചു. ജെറിന്‍ പി.എസ്, കെ.എം.ആസിഫ്, മിഥുന്‍ പി എന്നിവര്‍ക്കു ഓരോ വിക്കറ്റുകള്‍.