വലിയ ടീമുകള്‍ക്കെതിരെ കളിക്കുമ്പോള്‍ ലോക പരാജയം; കെ.എല്‍.രാഹുലിനെ ടീമില്‍ നിന്ന് പുറത്താക്കണമെന്ന് ഇന്ത്യന്‍ ആരാധകര്‍
നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ 12 പന്തില്‍ ഒന്‍പത് റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്
ഇന്ത്യന്‍ ഓപ്പണര്‍ കെ.എല്‍.രാഹുലിനെതിരെ ക്രിക്കറ്റ് ആരാധകര്‍. ഇനിയും എന്തിനാണ് രാഹുലിനെ ടീമില്‍ ഉള്‍ക്കൊള്ളിക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം. വമ്പന്‍ മത്സരങ്ങളില്‍ തുടര്‍ച്ചയായി പരാജയപ്പെടുകയാണ് രാഹുല്‍. ട്വന്റി 20 ലോകകപ്പിലെ രണ്ട് കളികളിലും രണ്ടക്കം കാണാതെ പുറത്തായി. ഇത്രയും അലസമായി കളിക്കുന്ന ഒരു താരത്തെ പ്ലേയിങ് ഇലവനില്‍ തുടര്‍ന്നു കൊണ്ടുപോകുന്നത് ഇന്ത്യക്ക് തിരിച്ചടിയാകുമെന്ന് ആരാധകര്‍ പറയുന്നു.
നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ 12 പന്തില്‍ ഒന്‍പത് റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്. അതിനു പിന്നാലെയാണ് രാഹുലിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമായിരിക്കുന്നത്. ട്വിറ്ററില്‍ രാഹുല്‍ ട്രെന്‍ഡിങ് ആയത് നിമിഷനേരം കൊണ്ടാണ്. താരത്തിനെതിരെ ട്രോളുകളാണ് സോഷ്യല്‍ മീഡിയ മുഴുവന്‍. ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ കളിയില്‍ എട്ട് പന്തില്‍ നാല് റണ്‍സെടുത്താണ് രാഹുല്‍ ഔട്ടായത്.
രാഹുല്‍ ടീമിന് ബാധ്യതയാണെന്നാണ് ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. നിര്‍ണായക കളികളില്‍ ടീമിന് വേണ്ടി സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്നില്ല. വ്യക്തിഗത സ്‌കോര്‍ മാത്രം ലക്ഷ്യംവെച്ചാണ് കളിക്കുന്നത്. ഇങ്ങനെ കളിക്കുന്ന ഒരാളെ പ്ലേയിങ് ഇലവനില്‍ ഇറക്കരുതെന്നാണ് നിരവധിപേര്‍ വിമര്‍ശിച്ചിരിക്കുന്നത്. നെതര്‍ലന്‍ഡ്സിനൊപ്പം പോലും മുട്ടിടിച്ച രാഹുല്‍ ഇനിവരുന്ന ഹൈ പ്രഷര്‍ കളികളില്‍ എങ്ങനെയാണ് ബാറ്റ് ചെയ്യുകയെന്നും ആരാധകര്‍ ചോദിക്കുന്നു.
പവര്‍പ്ലേയില്‍ റണ്‍സ് കണ്ടെത്താന്‍ രാഹുലിന് സാധിക്കുന്നില്ല. പവര്‍പ്ലേയിലെ രാഹുലിന്റെ മെല്ലെപ്പോക്ക് ടീമിന് തന്നെ ബാധ്യതയാവുന്നുണ്ട്. രാഹുല്‍ ഒരുവശത്ത് സാവധാനത്തില്‍ കളിക്കുമ്പോള്‍ മറുവശത്ത് രോഹിത് ശര്‍മയ്ക്ക് സമ്മര്‍ദ്ദം കൂടുന്നുണ്ട്. രാഹുലിനെ ഒഴിവാക്കി വേറെ ആരെയെങ്കിലും ഓപ്പണര്‍ ആക്കുക മാത്രമാണ് ഈ പ്രതിസന്ധി മറികടക്കാന്‍ വേണ്ടതെന്ന് ആരാധകര്‍ പറയുന്നു.
ടി 20 ക്രിക്കറ്റില്‍ വളരെ വേഗം റണ്‍സ് കണ്ടെത്താന്‍ തനിക്ക് സാധിക്കുമെന്ന് മുന്‍പ് പലതവണ രാഹുല്‍ തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ അത്തരം ഇന്നിങ്സുകളൊന്നും ഇന്ത്യക്കായി കളിക്കുന്നില്ല. മാത്രമല്ല മധ്യനിരയിലുള്ള താരങ്ങള്‍ക്ക് കൂടി സമ്മര്‍ദ്ദമുണ്ടാക്കുന്ന തരത്തിലാണ് രാഹുലിന്റെ ഈ കളി. ഇത്തരം മനോഭാവവുമായി മുന്നോട്ടു പോയാല്‍ ഇന്ത്യയുടെ സ്ഥിതി ദയനീയമായിരിക്കുമെന്നും നിരവധിപേര്‍ വിമര്‍ശിച്ചു.