Champions Trophy 2025, Indian Squad: ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ കെ.എല്‍.രാഹുലിനെ ഉള്‍പ്പെടുത്തില്ല, ശ്രേയസിന്റെ കാര്യവും പരുങ്ങലില്‍ !
ശ്രീലങ്കന്‍ പര്യടനത്തില്‍ ശ്രദ്ധേയമായ പ്രകടനം നടത്താന്‍ രാഹുലിന് സാധിച്ചിട്ടില്ല
KL Rahul and Shreyas Iyer
Champions Trophy 2025, Indian Squad: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ കെ.എല്‍.രാഹുല്‍ ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. വിക്കറ്റ് കീപ്പര്‍ ബാറ്ററായി റിഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവരെ പരിഗണിക്കാനാണ് സാധ്യത. രോഹിത് ശര്‍മയും വിരാട് കോലിയും ചാംപ്യന്‍സ് ട്രോഫി ടീമില്‍ സ്ഥാനമുറപ്പിച്ച സാഹചര്യത്തില്‍ കെ.എല്‍.രാഹുലിനെ ഒഴിവാക്കാനാണ് സെലക്ടര്‍മാര്‍ ആലോചിക്കുന്നത്.
ശ്രീലങ്കന്‍ പര്യടനത്തില്‍ ശ്രദ്ധേയമായ പ്രകടനം നടത്താന്‍ രാഹുലിന് സാധിച്ചിട്ടില്ല. മാത്രമല്ല റിഷഭ് പന്തും സഞ്ജു സാംസണും ഉള്ളപ്പോള്‍ രാഹുലിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുന്നതിനോട് സെലക്ടര്‍മാര്‍ക്കും മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറിനും യോജിപ്പില്ല. രാഹുലിനൊപ്പം ശ്രേയസ് അയ്യരുടെ കാര്യവും പരുങ്ങലിലാണ്. ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ റിയാന്‍ പരാഗിനെ ഉപയോഗിക്കാന്‍ സാധിക്കുമ്പോള്‍ ബാറ്റര്‍ മാത്രമായ ശ്രേയസ് അയ്യര്‍ സ്‌ക്വാഡില്‍ ഇല്ലെങ്കിലും കുഴപ്പമില്ലെന്ന നിലപാടിലാണ് ഗംഭീര്‍. ഇന്ത്യക്ക് പുറത്ത് മികച്ച പ്രകടനങ്ങള്‍ നടത്താന്‍ സാധിക്കാത്തതും ശ്രേയസിനു തിരിച്ചടിയാകും.
ഹാര്‍ദിക് പാണ്ഡ്യ ചാംപ്യന്‍സ് ട്രോഫി സ്‌ക്വാഡില്‍ ഇടം പിടിക്കും. ശിവം ദുബെയ്ക്ക് സാധ്യത കുറവാണ്. സ്പിന്‍ ഓള്‍റൗണ്ടര്‍മാരില്‍ രവീന്ദ്ര ജഡേജയേക്കാള്‍ മേല്‍ക്കൈ ഉള്ളത് അക്ഷര്‍ പട്ടേലിനാണ്. ജസ്പ്രിത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് എന്നിവരാകും പ്രധാന പേസര്‍മാര്‍. മുഹമ്മദ് ഷമിക്ക് ഫിറ്റ്‌നെസ് വീണ്ടെടുത്ത് തിരിച്ചെത്താന്‍ സാധിച്ചില്ലെങ്കില്‍ ഹര്‍ഷിത് റാണയ്ക്ക് സാധ്യതയുണ്ട്.
സാധ്യത സ്‌ക്വാഡ് : രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത്, റിയാന്‍ പരാഗ്, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, യഷസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, യുസ്വേന്ദ്ര ചഹല്‍