ഐപിഎല്ലിൽ പഞ്ചാബ് സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിൽ ബാറ്റിങ് നിര ചീട്ട് കൊട്ടാരം പോലെ തകർന്നടിഞ്ഞപ്പോൾ ഗുജറാത്ത് ടൈറ്റൻസിന്റെ മാനം കാത്തത് യുവതാരമായ സായ് സുദർശനനായിരുന്നു. ജിടിയുടെ പേരുകേട്ട ബാറ്റിങ് നിര പഞ്ചാബിന്റെ ബൗളിങ് ആക്രമണത്തിനു മുന്നില്‍ ചൂളിപ്പോയപ്പോള്‍ വീറോടെ പൊരുതി പുറത്താവാതെ 65 റൺസാണ് താരം മത്സരത്തിൽ നേടിയത്. സായ് സുദർശന്റെ കന്നി ഐപിഎൽ ഫിഫ്‌റ്റി കൂടിയായിരുന്നു ഇത്.
കഴിഞ്ഞ വർഷത്തെ തമിഴ്‌നാട് പ്രീമിയർ ലീഗിലൂടെയാണ് സുദർശൻ ശ്രദ്ധേയനായത്. ടൂർണമെന്റിൽ റൺവേട്ടക്കാരിൽ രണ്ടാമനായതാണ് ഐപിഎല്ലിൽ താരത്തിന് വഴിതുറന്നത്.എട്ടു ഇന്നിങ്‌സുകളില്‍ നിന്നും 71.6 ശരാശരിയില്‍ 143.77 സ്‌ട്രൈക്ക് റേറ്റോടെ 358 റണ്‍സായിരുന്നു തമിഴ്‌നാട് പ്രീമിയർ ലീഗിൽ താരത്തിന്റെ സമ്പാദ്യം.
മുന്‍ കായിക താരങ്ങളാണ് സായ് സുദർശന്റെ മാതാപിതാക്കൾ. സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഭരദ്വാജാണ് സായ് സുദര്‍ശന്റെ അച്ഛന്‍. അമ്മ ഉഷ ഭരദ്വാജ് തമിഴ്‌നാടിന്റെ വോളിബോള്‍ ടീമിന്റെ ഭാഗവുമായിരുന്നു. അച്ഛന്റെയും അമ്മയുടെയും വഴി പിൻപറ്റാതെ ക്രിക്കറ്റാണ് സായ് കരിയറായി തിരെഞ്ഞടുത്തത്. ഇന്ത്യന്‍ എ ടീമിനു വേണ്ടിയും താരം ഇതിനകം കളിച്ചു കഴിഞ്ഞു. ഐപിഎല്ലിൽ തുടർച്ചയായി മികച്ച പ്രകടനം നടത്താനായാൽ ഇന്ത്യൻ ദേശീയ ടീമിലും സ്ഥാനം നേടാം എന്ന പ്രതീക്ഷയിലാണ് യുവതാരം.