ഏകദിനക്രിക്കറ്റിൽ അതിവേഗം 12,000 റൺസെന്ന നാഴികകല്ല് പിന്നിട്ട ഇന്ത്യൻ നായകൻ വിരാട് കോലിയെ പ്രശംസ കൊണ്ട് മൂടി മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്‌ക്കർ. പ്രതിഭാസം എന്ന വാക്കിനെല്ലാം അപ്പുറത്താണ് കോലിയെന്ന് ഗവാസ്‌ക്കർ പറഞ്ഞു.
മൂന്ന് ഫൊർമാറ്റിലെയും കോലിയുടെ പ്രകടനത്തെ അതിഗംഭീരം എന്ന അർഥം വരുന്ന വിരാട് എന്ന വാക്കുപയോഗിച്ചാണ് ഗവാസ്‌ക്കർ വിശേഷിപ്പിച്ചത്. 2009ലെ കോലിയിൽ നിന്നും ഇന്ന് കാണുന്ന കോലിയാവാൻ അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ,ത്യാഗങ്ങൾ കളിയോട് വരുത്തിയ സമീപനം എല്ലാം യുവാക്കൾക്ക് മാത്രമല്ല എല്ലാവർക്കും മാതൃകയാണെന്നും ഗവാസ്‌ക്കർ പറഞ്ഞു.
251 ഏകദിനങ്ങളിൽ 43 തവണ സെഞ്ചുറിയും 60 അർധസെഞ്ചുറിയും എന്ന് പറയുമ്പോൾ 103 വട്ടം കോലി അർധസെഞ്ചുറി പിന്നിടുന്നതിനെ പറ്റി നമ്മൾ സംസാരിച്ചു. മറ്റാരെക്കുറിച്ചും നമ്മൾ ഇങ്ങനെ ചെയ്‌തിട്ടുണ്ടെന്ന് കരുതുന്നില്ല. ഇതൊരു അത്ഭുതമാണ് ഗവാസ്‌ക്കർ പറഞ്ഞു.
അർധസെഞ്ചുറികൾ സെഞ്ചുറികളാക്കാനുള്ള കോലിയുടെ കഴിവ് അപാരമാണ്. നമ്മൾ ആഘോഷിക്കേണ്ട ക്രിക്കറ്ററാണ് അദ്ദേഹം. ഇനിആടുത്ത 1000 റൺസുകൾ ഒരു 5-6 മാസങ്ങൾക്കൊണ്ട് സംഭവിക്കും കാരണം അവിടെയുള്ളത് കോലിയാണ് ഗവാസ്‌ക്കർ പറഞ്ഞു.