ചെന്നൈ: കളിക്കളത്തിൽ പുതിയ റെക്കോർഡുകൾ തീർക്കുന്നതും മുൻ ഇതിഹാസ തരങ്ങളെ മറികടക്കുന്നതുമെല്ലാം പതിവാക്കിയ താരമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ഇപ്പോഴിതാ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം റൺസെടുത്ത നാലാമത്തെ ക്യാപ്റ്റൻ എന്ന നേട്ടം കൂടി സ്വന്തം പേരിലാക്കിയിരിയ്ക്കുകയാണ് കോഹ്‌ലി. പട്ടികയിൽ അഞ്ചാം സ്ഥാനക്കാരനായിരുന്ന കോഹ്‌ലി വെസ്റ്റിൻഡീസ് മുൻ ഇതിഹാസാ താരം ക്ലൈവ് ലോയ്ഡിനെ പിന്തള്ളിയാണ് നാലാംസ്ഥാനത്ത് എത്തിയത്. ഇന്ത്യയുടെ മറ്റൊരു ക്യാപ്റ്റനും പട്ടികയിൽ ആദ്യ പത്തിൽപോലുമില്ല എന്നത് ശ്രദ്ദേയമാണ്.
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിന് ഇറങ്ങുമ്പോൾ ലോയ്ഡിനെ പിന്തള്ളാൻ വെറും 14 റൺസ് മാത്രാമായിരുന്നു കോഹ്‌ലിയ്ക്ക് വേണ്ടിയിരുന്നത്. എന്നാൽ ആദ്യ ഇന്നിങ്സിൽ 11 റൺസിന് താരം പുറത്തായി. രണ്ടാം ഇന്നിങ്സിൽ മൂന്ന് റൺസ് കൂടി കൂട്ടിച്ചേർത്താണ് കോഹ്‌ലി എലീറ്റ് ക്ലബ്ബിൽ നാലാം സ്ഥാനത്ത് എത്തിയത്. ഇനി മൂന്ന് താരങ്ങൾ മാത്രമാണ് കോഹ്‌ലിയ്ക്ക് മുന്നിലുള്ളത്. 8,659 റൺസുമായി ദക്ഷിണാഫ്രിക്കയുടെ ഗ്രേയം സ്മിത്താണ് ഒന്നാം സ്ഥാനത്ത്. മറ്റുള്ള താരങ്ങളെക്കാൾ ബഹുദൂരം മുന്നിലാണ് ഗ്രേയം. 6,623 റൺസുമായി ഓസ്ട്രേലിയയുടെ അലൻ ബോർഡർ, 6,542 റൺസുമായി റിക്കി പോണ്ടിങ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.