അന്താരാഷ്ട്ര ക്രിക്കറ്റിലെ മോശം ഫോമിനെ തുടർന്ന് ഒരുമാസത്തിലേറെ കാലമായി ക്രിക്കറ്റിൽ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു ഇന്ത്യൻ താരം വിരാട് കോലി. കരിയറിൻ്റെ ഏറ്റവും മോശം ഫോമിലുള്ള കോലിയുടെ കാലം കഴിഞ്ഞെന്ന് പറഞ്ഞ് അദ്ദേഹത്തെ എഴുതിതള്ളിയവരും കുറവല്ല.
ഒക്ടോബറിൽ ടി20 ലോകകപ്പ് നടക്കാനിരിക്കെ ഏഷ്യാകപ്പിലെ മികച്ച പ്രകടനത്തിലൂടെ തിരിച്ചുവരികയെന്നത് കോലിക്ക് അനിവാര്യമായിരുന്നു. കരിയറിൻ്റെ ഏറ്റവും മോശം ഫോമിലെന്ന് സർവരും ഒരുപോലെ പറയുന്ന വിരാട് കോലിയാണ് ഏഷ്യാക്കപ്പ് സൂപ്പർ ഫോറിലെ ആദ്യ മത്സരം കഴിയുമ്പോൾ ഇന്ത്യയുടെ ടോപ്സ്കോറർ.
ഏഷ്യാക്കപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെതിരെ 34 പന്തിൽ നിന്നും 35 റൺസാണ് താരം നേടിയത്. ഇതോടെ കോലി തൻ്റെ സ്വതസിദ്ധമായ ഫോമിലേക്ക് തിരികെയെത്തിയിട്ടില്ലെന്ന് കളിയെഴുത്തുകാർ വിധിയെഴുതി. എന്നാൽ ഹോങ്കോങ്ങിനെതിരായ രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ തിരിച്ചുവരവിൻ്റെ സൂചന നൽകികൊണ്ട് താരം 44 പന്തിൽ 59 റൺസുമായി പുറത്താകാതെ നിന്നു. സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെതിരെ 44 പന്തിൽ നിന്നും 60 റൺസുമായി കോലിയാണ് നിലവിൽ ടൂർണമെൻ്റിലെ ടോപ്സ്കോറർ.
ഏഷ്യാക്കപ്പിലെ മൂന്ന് മത്സരങ്ങളിൽ നിന്നും 77 ശരാശരിയിൽ 154 റൺസാണ് കോലി അടിച്ചെട്ടുത്തത്.