ശ്രീലങ്കക്കെതിരെ ചൊവ്വാഴ്ച ആരംഭിക്കുന്ന ടി20 പരമ്പരയ്ക്കായുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ഹാർദ്ദിക് പാണ്ഡ്യയുടെ കീഴിൽ യുവനിരയുമായാണ് ഇന്ത്യ ഇറങ്ങുക. മലയാളി താരം സഞ്ജു സാംസണും ടി20 ടീമിൽ ഇടം നേടിയിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യൻ ടീമിൽ ഏത് പൊസിഷനിലാണ് സഞ്ജു അനുയോജ്യനാവുക എന്ന് പറയുകയാണ് ശ്രീലങ്കയുടെ ഇതിഹാസതാരമായ കുമാർ സങ്കക്കാര.
ടി20 ക്രിക്കറ്റിൽ സഞ്ജുവിന് അനുയോജ്യം നാലാം നമ്പർ സ്ഥാനമാണെന്ന് കുമാർ സങ്കക്കാര പറയുന്നു. നാലാമൻ, അല്ലെങ്കിൽ ഏഴോവറുകൾ പൂർത്തിയായ ശേഷമാകണം സഞ്ജു ക്രീസിലെത്തേണ്ടത്. ഏത് പൊസിഷനിലും അദ്ദേഹത്തിന് ബാറ്റ് ചെയ്യാൻ കഴിയുമെന്നാണ് കരുതുന്നത്. കരുത്തും, ടച്ചും ഇതിനൊപ്പം മികച്ച മാനസികമായ ബലവും സഞ്ജുവിനുണ്ട്. വ്യത്യസ്തമായ സാഹചര്യങ്ങളിൽ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് സഞ്ജുവിനറിയാം. അതിനാൽ ഏത് റോൾ ഏൽപ്പിച്ചാലും അത് ഭംഗിയായി ചെയ്യാൻ അദ്ദേഹത്തിനാകും. കുമാർ സങ്കക്കാര പറഞ്ഞു.
എന്നാൽ ഇന്ത്യയ്ക്ക് വേണ്ടി ടി20യിൽ നാലാം നമ്പറിൽ മോശം റെക്കോർഡാണ് സഞ്ജുവിനുള്ളത്. ഇതുവരെ കളിച്ച 15 ടി20 ഇന്നിങ്ങ്സുകളിൽ 7 തവണയും സഞ്ജു നാലാമനായാണ് ബാറ്റ് വീശിയത്. ഏഴ് ഇന്നിങ്ങ്സുകളിൽ നിന്ന് 15.5 ശരാശരിയിൽ വെറും 109 റൺസ് മാത്രമാണ് സഞ്ജുവിൻ്റെ പേരിലുള്ളത്. ഇതിൽ 39 റൺസാണ് താരത്തിൻ്റെ ഉയർന്ന സ്കോർ.