മൂന്ന് ഇടംകൈയൻ ബാറ്റർമാർ ടോപ് ഓർഡറിൽ; എതിരാളികൾക്കു വിക്കറ്റെടുക്കാൻ എന്തെളുപ്പം, തിരുത്താതെ ഇന്ത്യ
അഭിഷേക് ശർമ, ഇഷാൻ കിഷൻ, തിലക് വർമ എന്നിവരാണ് ഇന്ത്യയുടെ ആദ്യ മൂന്ന് ബാറ്റർമാർ
Publish Date: Mon, 23 Feb 2026 (10:16 IST)
Updated Date: Mon, 23 Feb 2026 (10:18 IST)
ലോകകപ്പ് സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ തോൽക്കാനുള്ള പ്രധാന കാരണം ബാറ്റിങ് ഓർഡറിലെ പിഴവ്. ടോപ് ഓർഡറിലെ ആദ്യ മൂന്ന് പേരും ഇടംകൈയൻമാരാണ്. ഇത് എതിരാളികൾക്കു കാര്യങ്ങൾ എളുപ്പമാക്കുന്നു. എന്നിട്ടും തിരുത്താൻ തയ്യാറല്ല ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ.
അഭിഷേക് ശർമ, ഇഷാൻ കിഷൻ, തിലക് വർമ എന്നിവരാണ് ഇന്ത്യയുടെ ആദ്യ മൂന്ന് ബാറ്റർമാർ. മൂവരും ഇടംകൈയൻമാരാണ്. റൈറ്റ് - ലെഫ്റ്റ് കോംബിനേഷൻ ഇന്ത്യ പരീക്ഷിക്കാത്തതാണ് ആരാധകരെയും ചൊടിപ്പിക്കുന്നത്. ടോപ് ത്രീയിലെ മൂന്ന് പേരും ഇടംകൈയൻമാർ ആയതിനാൽ എതിർ ടീമിനു ഒരേതന്ത്രം മെനഞ്ഞാൽ മതിയാകും. മാത്രമല്ല ഫീൽഡ് ഒരുക്കങ്ങളിലും വ്യത്യാസം വരുത്തേണ്ട ആവശ്യമില്ല. ഇതാണ് ഇന്ത്യയുടെ തോൽവിയിൽ പ്രധാന കാരണങ്ങളിൽ ഒന്ന്.
വലംകൈയൻ ബാറ്ററായ സഞ്ജു സാംസൺ ബെഞ്ചിൽ ഇരിക്കെയാണ് ഇന്ത്യയുടെ പരീക്ഷണം. ഓപ്പണർ അഭിഷേക് ശർമയും വൺഡൗൺ ബാറ്റർ തിലക് വർമയും മോശം ഫോമിലാണ്. അഭിഷേക് മൂന്ന് കളികളിൽ ഡക്കും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 15 റൺസെടുത്തും പുറത്തായി. അഞ്ച് മത്സരങ്ങളിൽ 21.41 ശരാശരിയിൽ 107 റൺസ് മാത്രമാണ് തിലക് വർമയ്ക്കു നേടാൻ സാധിച്ചിരിക്കുന്നത്. ഇനിയുള്ള കളികളിൽ ഇവരിൽ ഒരാളെ മാറ്റി പകരം സഞ്ജുവിനെ പരീക്ഷിക്കണമെന്നാണ് ആരാധകരുടെ ആവശ്യം.