‘ഷമിക്ക് പെണ്‍കുട്ടികളെ നല്‍കുന്നത് അയാള്‍, മഞ്ജുവുമായി അടുത്തബന്ധം, ഇടപാടുകള്‍ ദുബായില്‍’ - പുതിയ വെളിപ്പെടുത്തലുമായി ഹസിന്‍
‘ഷമിക്ക് പെണ്‍കുട്ടികളെ നല്‍കുന്നത് അയാള്‍, മഞ്ജുവുമായി അടുത്തബന്ധം, ഇടപാടുകള്‍ ദുബായില്‍’ - പുതിയ വെളിപ്പെടുത്തലുമായി ഹസിന്‍
പാകിസ്ഥാന്‍ വനിതയില്‍ നിന്നും പണം വാങ്ങി ഒത്തുക്കളിച്ചെന്ന ഭാര്യ ഹസിന്‍ ജഹാന്റെ ആരോപണം ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് തിരിച്ചടിയായതിന് പിന്നാലെ പുതിയ ആരോപണങ്ങളുമായി ഹസിന്‍ വീണ്ടും രംഗത്ത്.
ഷമിക്ക് പെണ്‍കുട്ടികള്‍ ബലഹീനതയാണെന്നും ലണ്ടനിലുള്ള മുഹമ്മദ് ഭായി എന്ന ബിസിനസുകാരന്‍ മുഖേനെയാണ് സ്‌ത്രീകളെ കൈമാറുന്നതെന്നുമാണ് ഹസിന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ഷമിക്ക് പെണ്‍കുട്ടികളെ എത്തിച്ചു നല്‍കുന്നത് മുഹമ്മദ് ഭായി എന്നയാളാണ്. ഇതുകൂടാതെ മഞ്ജു മിശ്ര എന്ന മറ്റൊരു പെണ്‍കുട്ടിയുമായും താരത്തിന് ബന്ധമുണ്ട്. ഇതു സംബന്ധിച്ച തെളിവുകള്‍ കൈവശമുള്ളതിനാല്‍ പരാതികളില്‍ നിന്നും പിന്നോട്ടില്ല. ഷമിയില്‍ നിന്നും തനിക്ക് ഭീഷണിയുള്ളതില്‍ പൊലീസ് സംരക്ഷണം അനിവാര്യമാണെന്നും ഹസിന്‍ വ്യക്തമാക്കി.
കുട്ടിയുടെയും അദ്ദേഹത്തിന്റെ അഭിമാനവും ഭാവിയും കരുതി കേസുകള്‍ പിന്‍വലിക്കണമെന്ന് ഷമി തന്നോട് പറഞ്ഞിരുന്നു. വഴങ്ങാതിരുന്നതോടെയാണ് ഭീഷണിയുടെ സ്വരത്തില്‍ അദ്ദേഹം സംസാരിച്ചു. ഇതിനാല്‍ ഇനിയൊരു ഒത്തു തീര്‍പ്പിന് താന്‍ ഒരുക്കമല്ലെന്നും ഹസിന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഹസിന്റെ ആരോപണങ്ങള്‍ മുഹമ്മദ് ഭായി നിഷേധിച്ചു. ഷമിയുമായി പരിചയവും ബന്ധവുമുണ്ട്, എന്നാല്‍ ഹസിന്‍ പറയുന്ന തരത്തിലുള്ള ഒരു ഇടപാടുകളും ഞങ്ങള്‍ തമ്മില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഹസിനെക്കുറിച്ച് രൂക്ഷമായ ആരോപണങ്ങളുമായി ഖുര്‍ഷിദ് അഹമ്മദ് എന്ന ഷമിയുടെ അടുത്ത ബന്ധു കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഷമിയുടെ പണം മാത്രമാണ് ഹാസിന്‍ ജഹാന്‍ മോഹിച്ചിരുന്നത്. ഓരോ മാസത്തിലും ലക്ഷങ്ങളുടെ ഷോപ്പിങ് ആണ് ഇവര്‍ നടത്തിയിരുന്നത്. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി വക്കീല്‍ മുഖാന്തിരം ശ്രമിച്ചിരുന്നുവെങ്കിലും ഹാസിന്‍ അതിന് തയാറായില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പാകിസ്ഥാന്‍ വനിതയില്‍ നിന്നും പണം വാങ്ങി ഒത്തുക്കളിച്ചെന്ന ഹസിന്‍ ജഹാന്റെ ആരോപണത്തില്‍ ബിസിസിഐ ആന്റി കറപ്ഷന്‍ സെക്യൂരിറ്റി വിങ് മേധാവി നീരജ് കുമാറാണ് ഷമിക്കെതിരായ അന്വേഷണം നടത്തുന്നത്. ഹസിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്ന് വ്യക്തമായാല്‍ മാത്രമെ അദ്ദേഹവുമായി വീണ്ടും കരാര്‍ ഉണ്ടാക്കുകയുള്ളൂ എന്ന നിലപാടിലാണ് ബിസിസിഐ. ഈ സാഹചര്യത്തില്‍ അടുത്ത മാസം ആരംഭിക്കുന്ന ഐപിഎല്ലിലും ദേശീയ ടീമിലും താരം കളിക്കുന്ന കാര്യം സംശയത്തിലാണ്.
കൊല്‍ക്കത്തിയിലെ ജാദവ്പൂര്‍ പൊലീസ് സ്റ്റേഷനിലാണ് ഹാസിന്‍ ഷമിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളടക്കം ചേര്‍ത്താണ് പൊലീസ് എഫ്ഐആര്‍ തയാറാക്കിയിട്ടുള്ളത്. ഷമിക്കു പുറമെ കുടുംബത്തിലെ നാല് പേര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഷമി വിഷം കലര്‍ത്തി കൊല്ലാന്‍ നോക്കിയെന്നും അദ്ദേഹത്തിന്റെ സഹോദരനുമായി ലൈംഗിക ബന്ധം പുലര്‍ത്താന്‍ പ്രേരിപ്പിച്ചെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ ഹസിന്‍ വ്യക്തമാക്കിയിട്ടുണ്ട്.