Mayank Agarwal: ഇന്ത്യന്‍ ക്രിക്കറ്റ് താരം മായങ്ക് അഗര്‍വാള്‍ ഐസിയുവില്‍
അഗര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്
Mayank Agarwal: ഇന്ത്യന്‍ ക്രിക്കറ്റ് താരവും കര്‍ണാടക രഞ്ജി ടീം നായകനുമായ മായങ്ക് അഗര്‍വാള്‍ ഐസിയുവില്‍. വായും തൊണ്ടയും പൊള്ളിയതിനെ തുടര്‍ന്നാണ് താരത്തെ അടിയന്തിരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളമാണെന്ന് കരുതി ഒരു കുപ്പിയില്‍ നിന്ന് മറ്റെന്തോ ദ്രാവകം കുടിച്ചതിനു ശേഷം താരത്തിനു വയറുവേദനയും വായിലും തൊണ്ടയിലും അസ്വസ്ഥതയും തോന്നുകയായിരുന്നു. ഉടന്‍ തന്നെ മായങ്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഗര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഐസിയുവില്‍ ആണെങ്കിലും താരം അപകടനില തരണം ചെയ്തിട്ടുണ്ട്. ന്യൂ ഡല്‍ഹി വഴി അഗര്‍ത്തലയില്‍ നിന്ന് സൂറത്തിലേക്ക് വിമാന മാര്‍ഗം പോകുന്നതിനിടെയാണ് താരത്തിനു അപകടം സംഭവിച്ചത്. റെയില്‍വെയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനായി കര്‍ണാടക ടീം അംഗങ്ങള്‍ക്കൊപ്പമായിരുന്നു താരത്തിന്റെ യാത്ര. വിമാനത്തില്‍ വെച്ച് താരം ഛര്‍ദിക്കുകയും അസ്വസ്ഥനാകാനും തുടങ്ങി. ഉടനെ വിമാന മാര്‍ഗം തന്നെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.
ഏതാനും ദിവസങ്ങള്‍ താരം ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ചില സ്‌കാനിങ്ങുകള്‍ പൂര്‍ത്തിയായ ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ.