ഇന്ത്യയിലെ ടെസ്റ്റ് വേദികൾ പരിമിതപ്പെടുത്തുമെന്ന് നായകൻ വിരാട് കോഹ്ലി അറിയിച്ചിരുന്നു. ഈ അഭിപ്രായത്തോട് രണ്ട് അഭിപ്രായമാണ് ക്രിക്കറ്റ് ലോകത്തുള്ളവർക്ക്. എതിർപക്ഷത്ത് നിൽക്കുന്നവരിൽ ഇന്ത്യയുടെ മുന്‍ നായകനും ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ മുഹമ്മദ് അസ്ഹറുദ്ദീനുമുണ്ട്.
കോഹ്ലിയുടെ നിര്‍ദേശത്തോട് താന്‍ യോജിക്കുന്നില്ലെന്നും രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നുള്ളവര്‍ക്കും ടെസ്റ്റ് ആസ്വദിക്കാനുള്ള അവസരം നല്‍കുകയാണ് വേണ്ടതെന്നും അസ്ഹര്‍ പറയുന്നു.
‘കോഹ്ലിയുടെ നിര്‍ദേശത്തോട് ഞാന്‍ യോജിക്കുന്നില്ല. മറ്റു സംസ്ഥാന അസോസിയേഷനുകള്‍ നിര്‍മിച്ച സ്റ്റേഡിയങ്ങള്‍ക്കു അപ്പോള്‍ എന്തു സംഭവിക്കും?. അവയെല്ലാം പിന്നെയെന്തിന് നിര്‍മിച്ചു?. ടെസ്റ്റ് ക്രിക്കറ്റ് വളരെ പ്രധാനപ്പെട്ടതാണ്. എല്ലാവരും അതിനു വേദിയാകണം. വെറും ടി20യും ഏകദിനങ്ങളും മാത്രം ഈ വേദികളില്‍ നടത്തിയാല്‍ മതിയോ? രാജ്യത്തിന്റെ എല്ലാ ഭാഗത്തുള്ളവർക്കും ടെസ്റ്റ് ആസ്വദിക്കാനുള്ള അവസരമാണ് ഇതിലൂടെ ഇല്ലാതാവുന്നത്’ എന്നും അസ്ഹര്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ഭാവിയില്‍ ഇന്ത്യയില്‍ തിരഞ്ഞെടുക്കപ്പെട്ട അഞ്ചു വേദികളില്‍ മാത്രം ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന നിര്‍ദേശം കോഹ്ലി മുന്നോട്ടു വച്ചത്. ദക്ഷിണാഫ്രിക്കയ്കക്കെതിരായ റാഞ്ചി ടെസ്റ്റില്‍ ഇന്ത്യന്‍ വമ്പന്‍ ജയം കൊയ്ത ശേഷം സംസാരിക്കുകയായിരുന്നു നായകന്‍.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ റാഞ്ചിയില്‍ നടന്ന ടെസ്റ്റില്‍ കാണികള്‍ കുറവായതിനാലാണ് ടെസ്റ്റ് വേദികള്‍ കുറയ്ക്കണമെന്ന് കോഹ്ലി നിര്‍ദേശിച്ചത്. റാഞ്ചി ടെസ്റ്റില്‍ വെറും 3000 ടിക്കറ്റുകള്‍ മാത്രമേ വിറ്റു പോയിരുന്നുള്ളൂ. ഇതാണ് നായകനെ നിരാശനാക്കിയത്.