2025 ഏഷ്യാ കപ്പിനുള്ള ടീമില്‍ ഇടം ലഭിക്കാതിരുന്നതിനെ കുറിച്ച് പ്രതികരണവുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. 2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തിയതിന് ശേഷം ഇന്ത്യന്‍ ടീമില്‍ ഷമിക്ക് ഇടം ലഭിച്ചിട്ടില്ല. ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ 15 അംഗ സംഘത്തിലും റിസര്‍വ് പട്ടികയിലും ഇടം പിടിക്കാന്‍ താരത്തിനായില്ല. നിലവില്‍ ദുലീപ് ട്രോഫി മത്സരങ്ങള്‍ക്കായി തയ്യാറെടുക്കുകയാണ് താരം. ഇതിനിടെയാണ് ഏഷ്യാകപ്പ് സെലക്ഷനെ പറ്റി താരം പ്രതികരിച്ചത്.
2024ല്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലാണ് ഷമി ഇന്ത്യയ്ക്കായി അവസാനമായി കളിച്ചത്. കഴിഞ്ഞ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി താരം കളിച്ചെങ്കിലും 9 മത്സരങ്ങളില്‍ നിന്നും വെറും 6 വിക്കറ്റുകള്‍ മാത്രമായിരുന്നു താരത്തിന് നേടാനായത്. പിന്നാലെ ടെസ്റ്റ് പരമ്പരയില്‍ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ പറഞ്ഞ് താരത്തെ ഒഴിവാക്കിയിരുന്നു. ഏഷ്യാകപ്പ് ടീമിലും അവസരം ലഭിക്കാതെ വന്നതോടെയാണ് ഷമിയുടെ പ്രതികരണം. ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. ടീമിനായി ഞാന്‍ ശരിയായ ഓപ്ഷന്‍ ആണെന്ന് തോന്നുന്നുവെങ്കില്‍ തിരഞ്ഞെടുക്കുക. അല്ലെങ്കില്‍ പ്രശ്‌നമില്ല. തിരഞ്ഞെടുക്കുന്നവര്‍ക്ക് ഇന്ത്യാ ടീമിനോട് വലിയ ഉത്തരവാദിത്തമുണ്ട്. ഞാന്‍ ദുലീപ് ട്രോഫി കളിക്കാന്‍ തയ്യാറാണെങ്കില്‍ ടി20 ക്രിക്കറ്റിലും കളിക്കാന്‍ സാധിക്കുമല്ലോ. തന്റെ നേര്‍ക്ക് വരുന്ന ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ സൂചിപ്പിച്ച് ഷമി പറഞ്ഞു.
അതേസമയം ദുലീപ് ട്രോഫിയില്‍ കളിച്ച് മികവ് തെളിയിക്കാനുള്ള ശ്രമത്തിലാണ് ഷമി. അടുത്തിടെ എന്‍സിഎയില്‍ നടത്തിയ ബ്രോങ്കോ ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ താരത്തിനായിരുന്നു. തിരിച്ചുവരാനാകുമെന്നതില്‍ വലിയ പ്രതീക്ഷയില്ലെങ്കിലും അവസരം ലഭിച്ചാല്‍ തന്റെ നൂറ് ശതമാനവും ടീമിനായി നല്‍കുമെന്നാണ് ഷമി വ്യക്തമാക്കുന്നത്.