'ഷമിയെ ചിലപ്പോള്‍ ഓസ്‌ട്രേലിയയില്‍ കാണാം'; ശുഭസൂചന നല്‍കി ബുംറ
മുഹമ്മദ് ഷമിയുടെ അഭാവമാണ് നിലവില്‍ ഇന്ത്യന്‍ പേസ് നിരയിലെ ഏറ്റവും വലിയ പോരായ്മ
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്ക് വെള്ളിയാഴ്ച (നാളെ) പെര്‍ത്തില്‍ തുടക്കം കുറിക്കുകയാണ്. സ്ഥിരം നായകന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ഒന്നാം ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്നത്. ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സിനൊപ്പം ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയുമായി ഫോട്ടോയ്ക്കു പോസ് ചെയ്തത് ബുംറയാണ്. അതിനുശേഷം ബുംറ മാധ്യമങ്ങളോടു സംസാരിച്ചു.
മുഹമ്മദ് ഷമിയുടെ അഭാവമാണ് നിലവില്‍ ഇന്ത്യന്‍ പേസ് നിരയിലെ ഏറ്റവും വലിയ പോരായ്മ. ജസ്പ്രീത് ബുംറയ്‌ക്കൊപ്പം മുഹമ്മദ് ഷമി കൂടി എത്തിയാല്‍ ടീമിനു ഗുണം ചെയ്യുമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ കരുതുന്നത്. പരുക്കിനെ തുടര്‍ന്ന് കഴിഞ്ഞ കുറേ നാളുകളായി വിശ്രമത്തില്‍ ആയിരുന്ന ഷമി രഞ്ജി ട്രോഫിയില്‍ ബംഗാളിനായി കളിച്ചു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഫിറ്റ്‌നെസ് വീണ്ടെടുത്ത സാഹചര്യത്തില്‍ ഷമി ഓസ്‌ട്രേലിയയിലേക്ക് എത്തുമോ എന്ന ചോദ്യത്തിനു മറുപടി നല്‍കിയിരിക്കുകയാണ് ബുംറ. ഓസ്‌ട്രേലിയയില്‍ ഷമിയെ പ്രതീക്ഷിക്കാമെന്നാണ് ബുംറ പറയുന്നത്.
' ഷമി ഇന്ത്യന്‍ ടീമിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണ്. മാനേജ്‌മെന്റ് ഷമിയുടെ കാര്യത്തില്‍ പ്രത്യേക നിരീക്ഷണം തുടരുന്നു. എല്ലാം നല്ല രീതിയില്‍ നടക്കുകയാണെങ്കില്‍ ചിലപ്പോള്‍ ഷമിയെ നിങ്ങള്‍ക്ക് ഓസ്‌ട്രേലിയയില്‍ കാണാന്‍ സാധിക്കും,' ബുംറ പറഞ്ഞു.
അതേസമയം പെര്‍ത്ത് ടെസ്റ്റില്‍ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം മുഹമ്മദ് സിറാജും ആകാശ് ദീപും പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കാനാണ് സാധ്യത. ആകാശ് ദീപിനു പകരം ഹര്‍ഷിത് റാണയേയും പരിഗണിക്കുന്നുണ്ട്. നിതീഷ് കുമാര്‍ റെഡ്ഡി പേസ് ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകും. ഒരു സ്പിന്നര്‍ മാത്രമായാകും ഇന്ത്യ പെര്‍ത്തില്‍ ഇറങ്ങുക.