ഗ്രൗണ്ടില്‍ നില്‍ക്കുമ്പോള്‍ എതിരാളി നമ്മുടെ ശത്രു, കളി കഴിഞ്ഞാല്‍ നമ്മളെല്ലാം സുഹൃത്തുക്കള്‍; കോലിയുടെ ഉപദേശത്തെ കുറിച്ച് സിറാജ്
ഇത്രയും ആക്രമണോത്സുകതയില്‍ ക്രിക്കറ്റ് കളിക്കാന്‍ തന്നെ പ്രചോദിപ്പിച്ചത് കോലിയാണെന്ന് സിറാജ് പറയുന്നു
Virat Kohli and Mohammed Siraj
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവില്‍ നിന്ന് ആരംഭിച്ച സൗഹൃദമാണ് വിരാട് കോലിയും മുഹമ്മദ് സിറാജും തമ്മില്‍. സിറാജിന്റെ രാജ്യാന്തര കരിയറില്‍ കോലിയുടെ പിന്തുണ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കോലിയില്‍ നിന്ന് തനിക്കു ലഭിച്ച പിന്തുണയെ കുറിച്ചും കളി ഉപദേശങ്ങളെ കുറിച്ചും തുറന്നുപറയുകയാണ് സിറാജ് ഇപ്പോള്‍.
ഇത്രയും ആക്രമണോത്സുകതയില്‍ ക്രിക്കറ്റ് കളിക്കാന്‍ തന്നെ പ്രചോദിപ്പിച്ചത് കോലിയാണെന്ന് സിറാജ് പറയുന്നു. ഗ്രൗണ്ടില്‍ നില്‍ക്കുമ്പോള്‍ എതിര്‍ ടീം ശത്രുക്കള്‍ ആണെന്നും കളി കഴിഞ്ഞാല്‍ എല്ലാവരും സുഹൃത്തുക്കളാണെന്നും കോലി തന്നോടു പറഞ്ഞിട്ടുള്ളതായി സിറാജ് വെളിപ്പെടുത്തി.
' ആക്രമണോത്സുകതയോടും അതീവ താല്‍പര്യത്തോടും കൂടിയായിരിക്കണം ക്രിക്കറ്റ് കളിക്കേണ്ടതെന്നാണ് വിരാട് ഭായ് എപ്പോഴും ഞങ്ങളോടു പറയാറുള്ളത്. ഫീല്‍ഡില്‍ ആയിരിക്കുമ്പോള്‍ എതിരാളികള്‍ നമ്മുടെ സുഹൃത്തുക്കളല്ല. എതിര്‍ ടീം നമ്മുടെ ശത്രുക്കളാണ്. കളി കഴിഞ്ഞാല്‍ നമ്മളെല്ലാവരും സുഹൃത്തുക്കളും,' സിറാജ് പറഞ്ഞു.
' കരിയറിലുടനീളം ഒരേ താല്‍പര്യത്തോടെയാണ് വിരാട് ഭായ് ക്രിക്കറ്റ് കളിച്ചിരുന്നത്. അദ്ദേഹത്തില്‍ നിന്ന് ഞാന്‍ പഠിക്കാന്‍ ശ്രമിച്ചതും അതാണ്. ഓവല്‍ ടെസ്റ്റിന്റെ നാലാം ദിനം ജോ റൂട്ടിന്റെയും ഹാരി ബ്രൂക്കിന്റെയും കരുത്തുറ്റ കൂട്ടുകെട്ടിലൂടെ ഇംഗ്ലണ്ട് പിടിമുറുക്കിയ ഒരു ഘട്ടമുണ്ടായിരുന്നു. ഈ സമയത്താണ് നമ്മള്‍ തീവ്രതയോടെ പോരാടേണ്ടത്. നമ്മുടെ നിയന്ത്രണങ്ങളില്‍ നിന്ന് കളി കൈവിട്ടുപോകുന്ന അവസ്ഥയുണ്ടാകരുത്, തല കുനിക്കാനും പാടില്ല.' സിറാജ് കൂട്ടിച്ചേര്‍ത്തു.
വിരാട് കോലിയുടെ ക്യാപ്റ്റന്‍സിക്കു കീഴില്‍ എട്ട് ടെസ്റ്റുകളാണ് സിറാജ് കളിച്ചിട്ടുള്ളത്. 27.07 ശരാശരിയില്‍ 23 വിക്കറ്റുകളും നേടി.