Mohammed Siraj vs Travis Head: 'കേറി പോടോ'; സെഞ്ചുറിയടിച്ച ഹെഡിന്റെ കുറ്റിയിളക്കി സിറാജ്, കൂവി ഓസീസ് ആരാധകര്‍ (വീഡിയോ)
ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്റെ 82-ാം ഓവറിലാണ് സംഭവം
Mohammed Siraj vs Travis Head: അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ രണ്ടാം ദിനം നാടകീയ രംഗങ്ങള്‍. സെഞ്ചുറി നേടിയ ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡിനോടു ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് മോശമായി പെരുമാറി. ഓസീസ് ആരാധകര്‍ സിറാജിനെ കൂവി പരിഹസിച്ചു.
ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്റെ 82-ാം ഓവറിലാണ് സംഭവം. സിറാജ് എറിഞ്ഞ അഞ്ചാം പന്തില്‍ ട്രാവിസ് ഹെഡ് ക്ലീന്‍ ബൗള്‍ഡ് ആകുകയായിരുന്നു. ഹെഡിനെ പുറത്താക്കിയതിനു പിന്നാലെ സിറാജ് 'ചൂടേറിയ' യാത്രയയപ്പ് നല്‍കി. 'ഡ്രസിങ് റൂമിലേക്ക് കയറി പോ' എന്നു പോലും സിറാജ് ഹെഡിനെ നോക്കി പറഞ്ഞു. ദേഷ്യം വന്ന ഹെഡും സിറാജിനോടു കയര്‍ത്തു സംസാരിച്ചു. തങ്ങളുടെ താരത്തിനെതിരെ സ്ലെഡ്ജിങ് നടത്തിയ മുഹമ്മദ് സിറാജിനെ നോക്കി ഓസീസ് ആരാധകര്‍ കൂവിവിളിക്കുകയും ചെയ്തു. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയും സിറാജിനെ ശാന്തനാക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
141 പന്തുകള്‍ നേരിട്ട ഹെഡ് 17 ഫോറും നാല് സിക്‌സും സഹിതം 140 റണ്‍സെടുത്ത് ഓസീസിന്റെ ടോപ് സ്‌കോററായി. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഹെഡ് അക്ഷരാര്‍ഥത്തില്‍ ഇന്ത്യക്ക് തലവേദന സൃഷ്ടിക്കുകയായിരുന്നു.
ഒന്നാം ദിനം വിക്കറ്റൊന്നും ലഭിക്കാതിരുന്ന സിറാജ് രണ്ടാം ദിനമായ ഇന്ന് നാല് വിക്കറ്റുകള്‍ വീഴ്ത്തി. ഹെഡിനു പുറമേ അലക്‌സ് കാരി, മിച്ചല്‍ സ്റ്റാര്‍ക്ക്, സ്‌കോട്ട് ബോളണ്ട് എന്നിവരെയും സിറാജാണ് പുറത്താക്കിയത്.