ഏഷ്യാകപ്പ് കിരീടം സ്വന്തമാക്കിയെങ്കിലും ജേതാക്കള്‍ക്കുള്ള ട്രോഫിയും മെഡലുകളും ഇന്ത്യന്‍ ടീമിന് ഇതുവരെയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ നിന്നും ലഭിച്ചിട്ടില്ല. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനും പാക് ആഭ്യന്തര മന്ത്രിയും പിസിബി ചെയര്‍മാനുമായ മൊഹ്‌സിന്‍ നഖ്വിയില്‍ നിന്നും കിരീടം സ്വീകരിക്കില്ലെന്ന് ഇന്ത്യ നിലപാടെടുത്തതോടെയാണ് കിരീടമില്ലാതെ ഇന്ത്യ ആഹ്‌ളാദപ്രകടനം നടത്തിയത്
ഏഷ്യാകപ്പ് ട്രോഫിയും മെഡലുകളും നഖ്വി സ്റ്റേഡിയം വിട്ടപ്പോള്‍ കൂടെ കൊണ്ടുപോവുകയായിരുന്നു. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ പ്രോട്ടോക്കോള്‍ പ്രകാരം കിരീടം ബിസിസിഐ ആസ്ഥാനത്ത് എത്തിക്കേണ്ടതാണ്. എന്നാലിപ്പോള്‍ ട്രോഫി കൈമാറാന്‍ ഉപാധി വെച്ചിരിക്കുകയാണ് നഖ്വിയെന്ന് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രോഫിയും മെഡലുകളും സ്വകാര്യ ചടങ്ങില്‍ വെച്ച് താന്‍ കൈമാറുമെന്നാണ് നഖ്വി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനെ അറിയിച്ചിരിക്കുന്നത്.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പാക് ആഭ്യന്തരമന്ത്രി കൂടിയായ മൊഹ്‌സിന്‍ നഖ്വിയില്‍ നിന്നും കിരീടം ഏറ്റുവാങ്ങാന്‍ ഇന്ത്യന്‍ ടീമോ ബിസിസിഐയോ തയ്യാറാകില്ലെന്നുറപ്പാണ്. ഇതോടെ കിരീടം ബിസിസിഐ ആസ്ഥാനത്ത് എത്തുന്നതില്‍ അനിശ്ചിതത്വം നീളുകയാണ്.