2019 ഏകദിന ലോകകപ്പ് ടീമില്‍ നിന്ന് മഹേന്ദ്രസിങ് ധോണിയെ ഒഴിവാക്കാന്‍ ആലോചിച്ചിരുന്നതായി റിപ്പോര്‍ട്ട്. റിഷഭ് പന്തിനെ മുഖ്യ വിക്കറ്റ് കീപ്പര്‍ ബാറ്ററായി പരിഗണിച്ച് ശ്രേയസ് അയ്യര്‍, അമ്പാട്ടി റായിഡു എന്നിവരില്‍ ഒരാളെ മധ്യനിര ബാറ്ററായി സ്‌ക്വാഡില്‍ കൊണ്ടുവരാനാണ് ആലോചന നടന്നിരുന്നത്. എന്നാല്‍, ധോണിയെ ഒഴിവാക്കാതിരിക്കാന്‍ ബിസിസിഐയില്‍ നിന്ന് സമ്മര്‍ദമുണ്ടായിരുന്നതായി വാര്‍ത്തകളുണ്ട്. റിഷഭ് പന്ത്, മഹേന്ദ്രസിങ് ധോണി, ദിനേശ് കാര്‍ത്തിക് എന്നിങ്ങനെ മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ ടീമില്‍ എടുത്തതില്‍ തനിക്ക് എതിര്‍പ്പുണ്ടായിരുന്നെന്ന് 2019 ലോകകപ്പ് സമയത്ത് മുഖ്യ പരിശീലകനായിരുന്ന രവി ശാസ്ത്രി വെളിപ്പെടുത്തിയതോടെയാണ് ഇക്കാര്യത്തില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുന്നത്. ടീം സെലക്ഷനില്‍ തനിക്ക് വലിയ പങ്കുണ്ടായിരുന്നില്ലെന്നു രവി ശാസ്ത്രി പറഞ്ഞത്. എന്നാല്‍ ലോകകപ്പ് ടീമില്‍ മൂന്നു വിക്കറ്റ് കീപ്പര്‍മാരെ ഉള്‍പ്പെടുത്തിയതില്‍ എതിര്‍പ്പുണ്ടായിരുന്നു. എം.എസ്.ധോണി, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക് എന്നിവരെ ഒരുമിച്ച് ഉള്‍പ്പെടുത്തിയതിന്റെ യുക്തി എന്താണ്. അമ്പാട്ടി റായിഡുവിനോ ശ്രേയസ് അയ്യര്‍ക്കോ ടീമില്‍ സ്ഥാനം കൊടുക്കുന്നതില്‍ തെറ്റില്ലായിരുന്നു എന്നും രവി ശാസ്ത്രി പറഞ്ഞു.