Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്യാപ്‌റ്റന്‍ കൂള്‍ ചതിച്ചെന്ന്; ധോണി ഒത്തുകളിച്ച് ടീമിനെ തോല്‍പ്പിച്ചെന്ന് ടീം മാനേജര്‍

ക്യാപ്‌റ്റന്‍ കൂള്‍ ചതിച്ചെന്ന്; ധോണി ഒത്തുകളിച്ച് ടീമിനെ തോല്‍പ്പിച്ചെന്ന് ടീം മാനേജര്‍
ന്യൂഡൽഹി , തിങ്കള്‍, 8 ഫെബ്രുവരി 2016 (10:08 IST)
ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി വാതുവെപ്പ് നടത്തിയിരുന്നുവെന്ന് അന്നത്തെ ഇന്ത്യൻ ടീം മാനേജരും ഇപ്പോള്‍ ഡൽഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയുമായ സുനിൽ ദേവ്. 2014ല്‍ ഇംഗ്ളണ്ട് പര്യടനത്തില്‍ മാഞ്ചസ്റ്ററില്‍ നടന്ന നാലാം ടെസ്റ്റില്‍ ധോണി വാതുവെപ്പില്‍ ഏര്‍പ്പെട്ടുവെന്നാണ്  പുതിയ വെളിപ്പെടുത്തല്‍. ‘സണ്‍ സ്റ്റാര്‍’ എന്ന ഹിന്ദി പത്രം നടത്തിയ ഒളികാമറ ഓപ്പറേഷനിലാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച സുനിലിന്റെ വെളിപ്പെടുത്തല്‍.

മാഞ്ചസ്റ്ററിലെ മത്സരത്തിനു മുമ്പ് മഴ പെയ്തിരുന്നു. പിച്ചിന്റെ അവസ്ഥ കണക്കിലെടുത്ത്, ടോസ് ലഭിച്ചാൽ ആദ്യം ബോൾ ചെയ്യാനായിരുന്നു ടീം മീറ്റിങ്ങിലെ തീരുമാനം. എന്നാൽ, ധോണി ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. ഇത് ടീമിനെയൊന്നാകെ അൽഭുതപ്പെടുത്തി. കമന്ററി ബോക്സിലുണ്ടായിരുന്ന മുൻ ഇംഗ്ലണ്ട് നായകൻ ജെഫ്രി ബോയ്കോട്ടും തീരുമാനത്തിലെ ഞെട്ടൽ മറച്ചുവച്ചില്ല. ധോണിയുടെ തീരുമാനം ഒത്തുകളിയുടെ ഭാഗമായിരുന്നുവെന്ന് നൂറു ശതമാനം ഉറപ്പുണ്ടെന്നും സുനിൽദേവ് സംഭാഷണത്തിൽ പറയുന്നുണ്ട്.

മത്സരത്തില്‍ ഇന്ത്യ ഇന്നിംഗ്‌സിനും 54 റണ്‍സിനുമാണ് തോറ്റത്. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 152 റണ്‍സിന് ഓള്‍ഔട്ട് ആവുകയും ചെയ്തു. താന്‍ ഈ വിഷയം ഉന്നയിച്ച് ബിസിസിഐ പ്രസിഡന്‍റ് ശ്രീനിവാസന് കത്തയച്ചെന്നും വര്‍ഷങ്ങളായിട്ടും നടപടിയുണ്ടായില്ലെന്നും സുനില്‍ പറയുന്നുണ്ട്. ക്രിക്കറ്റിനുണ്ടാകുന്ന ഹാനി മാനിച്ചാണ് ഇത്രയും കാലം സംഭവം പുറത്തറിയിക്കാതിരുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം.

ലോകത്തെ ഏറ്റവും മികച്ച അസോസിയേഷനാണ് ബിസിസിഐയെന്നും അതിനാൽ തന്റെ സംഭാഷണം റെക്കോർഡ് ചെയ്താൽ താൻ ഇതു നിഷേധിക്കുമെന്നും ദേവ് പറയുന്നതായി ടേപ്പിൽ കേൾക്കാം. എന്നാൽ, ഐപിഎൽ വാതുവയ്പ് അന്വേഷിച്ച ജസ്റ്റിസ് മുകുൽ മുദ്ഗൽ പുതിയ വെളിപ്പെടുത്തൽ തള്ളിക്കളഞ്ഞു. അതേ പരമ്പരയില്‍ ലോഡ്സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 95 റണ്‍സിന് ജയിക്കുകയായിരുന്നുവെന്നും സമാനമായ സാഹചര്യത്തിലാണ് മാഞ്ചസ്റ്ററില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്തതെന്നും വീണ്ടും ബിസിസിഐക്കു മുന്നില്‍ പരാതി നല്‍കാന്‍ സുനില്‍ തയാറാവുകയാണ് വേണ്ടതെന്നും മുദ്ഗല്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam