കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ നെടുന്തൂണുകളാണ് ഇഷാൻ കിഷനും സൂര്യകുമാർ യാദവും. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി മികച്ച പ്രകടനം കാഴ്‌ച്ചവെയ്‌ക്കുന്ന രണ്ട് താരങ്ങളും ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയ്‌ക്കായി അരങ്ങേറ്റം കുറിക്കുകയും ചെയ്‌തിരുന്നു. എന്നാൽ രണ്ട് താരങ്ങളും ഇന്ത്യയ്‌ക്കായി അരങ്ങേറിയതോടെ പണിയായിരിക്കുന്നത് മുംബൈ ഇന്ത്യൻസിനാണ്.
അന്താരാഷ്ട്ര മത്സരം കളിച്ച് ക്യാപ്പ്‌ഡ് താരങ്ങളായി മാറിയതോടെ രണ്ട് താരങ്ങളെയും മുംബൈയ്‌ക്ക് നിലനിർത്താനാവില്ലെന്നാണ് ഇതിന് കാരണം. ഐപിഎൽ നിയമമനുസരിച്ച് പരമാവധി 5 താരങ്ങളെ മാത്രമാണ് ടീമുകൾക്ക് നിലനിർത്താനാകു. 3 പേരെ നേരിട്ടും രണ്ട് പേരെ റൈറ്റ് ടൊ മാച്ച് കാർഡ്(ആർടിഎം) ഉപയോഗിച്ചുമാണ് നിലനിർത്താനാവുക. എന്നാൽ ഒരു വിദേശ താരത്തെയും ഒരു അൺക്യാപ്പ്‌ഡ് താരത്തെയുമാവും ആർടിഎം വഴി തിരഞ്ഞെടുക്കാൻ സാധിക്കുക.
നിലവിലെ സാഹചര്യത്തിൽ രോഹിത് ശർമ,ജസ്‌പ്രീത് ബുമ്ര,ഹാർദിക് പാണ്ഡ്യ എന്നീ താരങ്ങളെയാകും മുംബൈ ഇന്ത്യൻസ് നിലനിർത്തുക. ഇഷാൻ കിഷനും സൂര്യകുമാറും ക്യാപ്പ്‌ഡ് താരങ്ങൾ ആയതിനാൽ ഇവർക്ക് വേണ്ടി മറ്റ് ടീമുകളും രംഗത്തെത്തും. അങ്ങനെയെങ്കിൽ 2022 സീസണിൽ രണ്ട് താരങ്ങളും മുംബൈയിൽ കളിക്കുവാൻ സാധ്യത കുറവാണ്.