Mumbai Indians: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാന്‍ മുംബൈ ഇന്ത്യന്‍സ് സജ്ജമായിരിക്കുകയാണ്. ഇന്ന് രാത്രി 7.30 മുതല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. അഹമ്മദാബാദില്‍ ടോസ് നിര്‍ണായകമാണ്. ടോസ് ലഭിക്കുന്നവര്‍ ആദ്യം ബൗളിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. ഗുജറാത്ത് ടൈറ്റന്‍സിന്റെ ഹോം ഗ്രൗണ്ട് ആയതിനാല്‍ അവര്‍ക്ക് മുംബൈയേക്കാള്‍ മുന്‍തൂക്കമുണ്ട്.
ടോസ് നഷ്ടപ്പെട്ടാല്‍ അത് മുംബൈ ഇന്ത്യന്‍സിന് വലിയ തിരിച്ചടിയായിരിക്കും. അതേസമയം ഗുജറാത്തിന് അഹമ്മദാബാദ് ഗ്രൗണ്ടിനെ കുറിച്ച് പരിചയസമ്പത്തുണ്ട്. ലഖ്‌നൗവിനെതിരെ ഗുജറാത്ത് അടിച്ചുകൂട്ടിയ 227 റണ്‍സ് ഇന്നിങ്‌സ് പിറന്നത് ഈ ഗ്രൗണ്ടിലാണ്. ഈ ഗ്രൗണ്ടില്‍ ഏറ്റവും ചെറിയ സ്‌കോര്‍ പ്രതിരോധിച്ച റെക്കോര്‍ഡും ഗുജറാത്തിന് തന്നെ.
ഈ സീസണില്‍ ഏഴ് കളികളില്‍ നിന്ന് 27 വിക്കറ്റുകളാണ് സ്പിന്നര്‍മാര്‍ ഇവിടെ വീഴ്ത്തിയിരിക്കുന്നത്. അതില്‍ കൂടുതലും ഗുജറാത്ത് താരം റാഷിദ് ഖാന്‍ തന്നെ. ഏഴ് കളികളില്‍ നിന്ന് 61 വിക്കറ്റുകള്‍ പേസര്‍മാര്‍ വീഴ്ത്തിയിട്ടുണ്ട്. അതില്‍ ഷമിക്ക് മികച്ച റെക്കോര്‍ഡ്ുണ്ട്.