ഐപിഎൽ പതിനഞ്ചാം സീസണിലെ ഓരോ ടീമുകളുടെയും ആദ്യ അഞ്ച് മത്സരങ്ങൾ പിന്നിടുമ്പോൾ ടൂർണമെന്റിൽ ഇതുവരെയും വിജയിക്കാനാവാത്ത ടീമാണ് മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. തുടർച്ചയായ ആറ് മത്സരങ്ങളിൽ പരാജയപ്പെട്ട് നാണക്കേടിന്റെ പടുകുഴിയിലാണ് മുംബൈ ഇന്ത്യൻസ്.
ഇനിയുള്ള മത്സരങ്ങളിൽ ഒന്ന് പോലും തോൽക്കാതെ മുന്നേറിയാൽ മാത്രമേ മുംബൈക്ക് പ്ലേ ഓഫ് സാധ്യതയുള്ളു. ഒരു തോൽവി പോലും പുറത്തേക്കുള്ള വഴി തുറക്കുമെന്നതാണ് മുംബൈയുടെ നിലവിലെ സ്ഥിതി. മുംബൈ നായകൻ രോഹിത് ശർമയുടെയും കോടികൾ മുടക്കി ടീം വീണ്ടെടുത്ത വിക്കറ്റ് കീപ്പിങ് താരം ഇഷാൻ കിഷന്റെയും മോശം പ്രകടനമാണ് മുബൈയെ വലയ്ക്കുന്നത്.
ആറ് മത്സരങ്ങളിൽ 114 റൺസ് മാത്രമാണ് ഹിറ്റ്‌മാന്‍റെ സമ്പാദ്യം. സീസണില്‍ ഒരിക്കൽ പോലും അർധ സെഞ്ചുറി നേടാനും താരത്തിനായിട്ടില്ല. ജസ്‌പ്രീത് ബുമ്ര ഭേദപ്പെട്ട നിലയിൽ പന്തെറിയുന്നുണ്ടെങ്കിലും മറ്റാർക്കും പിന്തുണ നൽകാനാകുന്നില്ല എന്നതിനാൽ ബാറ്റിങ് നിരയിൽ നിന്നും മികച്ച പ്രകടനം വന്നാൽ മാത്രമെ മുംബൈയ്ക്ക് വിജയം സാധ്യമാവുകയുള്ളു.
ഐപിഎൽ ചരിത്രത്തില്‍ ആദ്യ ആറ് മത്സരങ്ങളിലും തോൽക്കുന്ന മൂന്നാമത്തെ ടീം മാത്രമാണ് മുംബൈ ഇന്ത്യൻസ്. 2014ൽ ആദ്യ അഞ്ച് മത്സരങ്ങളും തോറ്റ ശേഷം പ്ലേ ഓഫിലെത്തിയ ചരിത്രവും മുംബൈക്കുണ്ട്. ഈ കണക്കുകൾ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും നിലവിലെ സ്ഥിതിയിൽ എല്ലാ മത്സരവും ജയിച്ച് മുംബൈ പ്ലേ ഓഫിലേക്ക് യോഗ്യത നേടാനുള്ള സാധ്യത വിരളമാണ്.