ടി 20 ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായി രണ്ടാം തോല്‍വി. ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ പാക്കിസ്ഥാനോട് തോറ്റതിനു പിന്നാലെ നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനോടും ഇന്ത്യ തോല്‍വി വഴങ്ങി. എട്ട് വിക്കറ്റിന്റെ വിജയമാണ് ന്യൂസിലന്‍ഡ് ഇന്ത്യക്കെതിരെ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നേടിയ 110 റണ്‍സ് 14.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ന്യൂസിലന്‍ മറികടന്നു.
ഡാരില്‍ മിച്ചല്‍ (45 പന്തില്‍ 49), കെയ്ന്‍ വില്യംസണ്‍ ( 31 പന്തില്‍ പുറത്താകാതെ 33) , മാര്‍ട്ടിന്‍ ഗപ്റ്റില്‍ (17 പന്തില്‍ 20) എന്നിവരുടെ ഇന്നിങ്‌സുകള്‍ ന്യൂസിലന്‍ഡിന്റെ വിജയം അനായാസമാക്കി. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറയാണ് രണ്ട് വിക്കറ്റുകള്‍ നേടിയത്.
തുടര്‍ച്ചയായി രണ്ടാം തോല്‍വി വഴങ്ങിയ ഇന്ത്യക്ക് സെമി സാധ്യതകള്‍ കൂടുതല്‍ അകലെയായി.
അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 110 റണ്‍സ് നേടിയത്. ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാരെല്ലാം കിവീസ് ബൗളിങ് ആക്രമണത്തിനു മുന്നില്‍ താളം കണ്ടെത്താതെ അതിവേഗം പവലിയനിലേക്ക് മടക്കി. കെ.എല്‍.രാഹുല്‍ (16 പന്തില്‍ 18), ഇഷാന്‍ കിഷന്‍ (എട്ട് പന്തില്‍ നാല്), രോഹിത് ശര്‍മ (14 പന്തില്‍ 14), വിരാട് കോലി (17 പന്തില്‍ ഒന്‍പത്), റിഷഭ് പന്ത് (19 പന്തില്‍ 12) എന്നിവരുടെ വിക്കറ്റുകള്‍ 70 റണ്‍സിനിടെ ഇന്ത്യയ്ക്ക് നഷ്ടമായി. ഹാര്‍ദിക് പാണ്ഡ്യ (24 പന്തില്‍ 23), രവീന്ദ്ര ജഡേജ (19 പന്തില്‍ പുറത്താകാതെ 26) എന്നിവരുടെ അവസാന ഓവറുകളിലെ ചെറുത്തുനില്‍പ്പാണ് ഇന്ത്യയുടെ സ്‌കോര്‍ 100 കടക്കാന്‍ സഹായിച്ചത്.
ന്യൂസിലന്‍ഡിന് വേണ്ടി ട്രെന്റ് ബോള്‍ട്ട് മൂന്ന് വിക്കറ്റും ഇഷ് സോദി രണ്ട് വിക്കറ്റും ടിം സൗത്തി, ആദം മില്‍നെ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.