ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരം ഏറെ നാടകീയമായ ഒരു പുറത്താകലിനു സാക്ഷ്യം വഹിച്ചു.
രണ്ടാം ട്വന്റി20 മത്സരത്തിനിടെ ഡാരില്‍ മിച്ചലിന്റെ പുറത്താകല്‍ വിവാദത്തിന്റെ അലയൊലികള്‍ അവസാനിക്കുന്നതിനു മുമ്പേയാണ് പുതിയ വിവാദം.
ടിം സീഫെര്‍ട്ടിന്റെ വിക്കറ്റാണ് പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. കുല്‍ദീപ് യാദവ് എറിഞ്ഞ ബോളില്‍ സീഫെര്‍ട്ടിനെ എംഎസ് ധോണി സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. എന്നാല്‍, താരത്തിന്റെ കാല്‍ ക്രീസിന്റെ ലൈനിലായിരുന്നെങ്കിലും മൂന്നാം അമ്പയര്‍ ഔട്ട് വിളിക്കുകയായിരുന്നു. മത്സരത്തിന്റെ എട്ടാം ഓവറിലായിരുന്നു ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ഈ നാടകീയ സംഭവം.
ഇതോടെ, സോഷ്യല്‍ മീഡിയയില്‍ ഇത് ഔട്ടല്ലെന്നും അമ്പയര്‍ക്ക് തെറ്റുപറ്റിയെന്നാണ് ആരോപണം ഉയരുന്നത്. ക്രീസില്‍ നിന്നും സീഫെർട്ടിന്റെ കാല് ഉയര്‍ന്നിട്ടുമില്ല, ലൈനില്‍ നിന്ന് മാറിയിട്ടുമില്ല. പിന്നെ എങ്ങിനെയാണ് അത് ഔട്ട് വിളിക്കുക എന്ന് സോഷ്യൽ മീഡിയ ചോദ്യമുയർത്തുകയാണ്. 25 ബോളിൽ നിന്ന് 43 റണ്‍സെടുത്ത് വെടിക്കെട്ട് പ്രകടനവുമായി ക്രീസിൽ ഫോമില്‍ നില്‍ക്കെയാണ് സീഫെര്‍ട്ട് പുറത്താകുന്നത്.
രണ്ട് മത്സരങ്ങളിലും അമ്പയര്‍ക്ക് തെറ്റ് പറ്റിയതോടെ സംഭവം കൂടുതല്‍ വിവാദമായേക്കും. രണ്ട് തീരുമാനങ്ങളും ഇന്ത്യയ്ക്ക് അനുകൂലമായിരുന്നു എന്നതാണ് ആശ്ചര്യം.