ഇന്ത്യയുടെ ടി20 നായകസ്ഥാനം ഒഴിയാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് വിരാട് കോലി. ടി20 നായകസ്ഥാനം ഒഴിയരുതെന്ന് കോലിയോട് ആവശ്യപ്പെട്ടുവെന്നും എന്നാൽ കോലി അതിന് തയ്യാറായില്ലെന്നും ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി പറഞ്ഞിരുന്നു.
ഇക്കാര്യം സെലക്ടര്‍മാരെ അറിയിച്ചുവെന്നും വൈറ്റ് ബോള്‍ ഫോര്‍മാറ്റിൽ രണ്ട് നായകരെന്ന രീതിയോട് അവർക്ക് യോജിപ്പില്ലാത്തതിനാൽ രോഹിത്തിനെ ഏകദിന നായകനാക്കുകയായിരുന്നുവെന്നുമാണ് ഗാംഗുലി പറഞ്ഞത്. ഏകദിന നായകസ്ഥാനം നഷ്ടമായത് ടി20 നായകസ്ഥാനം ഉപേക്ഷിച്ചതിനാലാണെന്ന ഗാംഗുലിയുടെ വാദം ശരിയല്ലെന്നാണ് കോലിയുടെ പ്രസ്ഥാവനയിലൂടെ വ്യക്തമാക്കുന്നത്.
ഏകദിന നായകസ്ഥാനത്ത് തുടരേണ്ടെന്നാണ് തീരുമാനമെങ്കില്‍ അതില്‍ തനിക്ക് ഒരു പ്രശ്‌നവുമില്ലായിരുന്നുവെന്നും കോലി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം നായകസ്ഥാനം ഒഴിഞ്ഞത് കൊണ്ട് ബാറ്റിങ് മെച്ചപ്പെടുമോ എന്ന കാര്യം അറിയില്ലെന്നും കോലി പറഞ്ഞു.