Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

Pakistan Cricket

അഭിറാം മനോഹർ

, ബുധന്‍, 4 സെപ്‌റ്റംബര്‍ 2024 (11:11 IST)
ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പര നഷ്ടമായതോട് കൂടി പാകിസ്ഥാന് നാണക്കേടിന്റെ റെക്കോര്‍ഡ്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര അടിയറവ് വെച്ചതോടെ ടെസ്റ്റ് പദവിയുള്ള 10 രാജ്യങ്ങള്‍ക്കെതിരെയും നാട്ടില്‍ ടെസ്റ്റ് പരമ്പര തോല്‍ക്കുന്ന രണ്ടാമത്തെ ടീമെന്ന നാണക്കേട് പാകിസ്ഥാന്റെ പേരിലായി. നേരത്തെ ബംഗ്ലാദേശ് മാത്രമാണ് നാട്ടില്‍ എല്ലാ ടീമുകള്‍ക്കെതിരെയും പരമ്പര നഷ്ടമാക്കിയ ടീം.
നാട്ടില്‍ അവസാനമായി കളിച്ച 10 ടെസ്റ്റുകളില്‍ ഒന്നില്‍ പോലും വിജയിക്കാന്‍ പാകിസ്ഥാന് സാധിച്ചിട്ടില്ല.

അവസാനം കളിച്ച 10 ടെസ്റ്റുകളില്‍ ആറ് സമനിലകളും നാല് തോല്‍വികളുമാണ് പാകിസ്ഥാന്‍ വഴങ്ങുന്നത്. 2022-23ന് ശേഷം ആദ്യമായാണ് പാകിസ്ഥാന്‍ നാട്ടില്‍ ഒരു പരമ്പര സമ്പൂര്‍ണ്ണമായി അടിയറവ് പ്രഖ്യാപിക്കുന്നത്. ഇതിന് മുന്‍പ് ഇംഗ്ലണ്ടായിരുന്നു പാകിസ്ഥാനെതിരെ ടെസ്റ്റ് പരമ്പര തൂത്തുവാരിയത്. 1303 ദിവസങ്ങള്‍ക്ക് മുന്‍പാണ് പാകിസ്ഥാന്‍ സ്വന്തം മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര  വിജയിച്ചത് എന്നത് മാത്രം പാകിസ്ഥാന്റെ നിലവിലെ പരിതാപകരമായ അവസ്ഥയെ കാണിക്കുന്നു.
 
 ഓസ്‌ട്രേലിയയില്‍ 3-0ന് പരമ്പര തോറ്റ പാകിസ്ഥാന്‍ ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയിലും ടെസ്റ്റ് പരമ്പരയിലും തോല്‍വി രുചിച്ചു. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സമനില നേടാനായി. എന്നാല്‍ ബംഗ്ലാദേശിനെതിരെ നാട്ടില്‍ ടെസ്റ്റ് പരമ്പര അടിയറവ് വെച്ചു. ഏകദിന ലോകകപ്പിലും ടി20 ലോകകപ്പിലും ഗ്രൂപ്പ് ഘട്ടത്തില്‍ വെച്ച് പുറത്താകുകയും ചെയ്തതോടെ ക്രിക്കറ്റ് ലോകത്തെ പരമ്പരാഗത ശക്തിയായ പാകിസ്ഥാന്‍ ക്രിക്കറ്റ് ലോകത്ത് പരിഹാസ്യമായ സ്ഥാനത്തേക്ക് വന്നിരിക്കുകയാണ്.
 
 വെസ്റ്റിന്‍ഡീസ് ടീം ഇല്ലാതെ ലോകകപ്പ് മത്സരങ്ങള്‍ നടന്നത് പോലെ പാകിസ്ഥാന്‍ ഇല്ലാതെയും ലോകകപ്പ് നടക്കാനുള്ള സാധ്യതയാണ് ഇതെല്ലാം കാണിക്കുന്നത്. ലോകക്രിക്കറ്റിന്റെ തമ്പുരാക്കന്മാരായി വിലസിയിട്ടും അവസാനം ടി20 ഫോര്‍മാറ്റില്‍ മാത്രം മികവ് തെളിയിക്കുന്ന വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിന് വന്ന അപചയമാണ് പാകിസ്ഥാന്‍ ടീമിനെയും കാത്തിരിക്കുന്നത്. പ്രശ്‌നങ്ങള്‍ക്ക് എളുപ്പം പ്രതിവിധി കണ്ടില്ലെങ്കില്‍ ഏഷ്യന്‍ ക്രിക്കറ്റിലെ ശക്തികേന്ദ്രങ്ങളില്‍ ഒന്നായ പാകിസ്ഥാന്‍ വിസ്മരിക്കപ്പെടുമെന്ന് ഉറപ്പാണ്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ