ഇത്തവണ ഏകദിന ലോകകപ്പ് കളിക്കുന്ന ടീമുകളില്‍ ഏറ്റവും മികച്ച ബൗളിങ് നിരയുള്ളത് പാക്കിസ്ഥാനാണ്. ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റൗഫ് എന്നിവര്‍ നേതൃത്വം നല്‍കുന്ന പേസ് നിരയെ മറികടക്കാന്‍ ഏതൊരു ടീമും കുറച്ച് വിയര്‍ക്കണം. അതേസമയം ഇരട്ടി ആത്മവിശ്വാസവുമായി ഏകദിന ലോകകപ്പിലേക്ക് എത്താന്‍ ഒരു അവസരം ലഭിച്ചിരിക്കുകയാണ് പാക്കിസ്ഥാന്. ഇപ്പോള്‍ നടക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ജയിച്ചാല്‍ ഐസിസി റാങ്കിങ്ങില്‍ പാക്കിസ്ഥാന്‍ ഒന്നാമതെത്തും.
നിലവില്‍ 22 മത്സരങ്ങളില്‍ നിന്ന് 118 റേറ്റിങ്ങോടെ രണ്ടാം സ്ഥാനത്താണ് പാക്കിസ്ഥാന്‍. ഇതേ റേറ്റിങ് ഉള്ള ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. 113 റേറ്റിങ്ങുള്ള ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഇന്ന് അഫ്ഗാനിസ്ഥാനെതിരെ ജയിച്ചാല്‍ പാക്കിസ്ഥാന്‍ ഓസ്‌ട്രേലിയയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തും. 2016 ലാണ് അവസാനമായി പാക്കിസ്ഥാന്‍ ഐസിസി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയിട്ടുള്ളത്. ഐസിസി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനവുമായി ഏഷ്യാ കപ്പും ഏകദിന ലോകകപ്പും കളിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പാക്കിസ്ഥാന്.