എട്ടിന്റെ പണിയായി മഴ ! പാക്കിസ്ഥാന് കോളടിക്കുമോ? ന്യൂസിലന്‍ഡ് ആശങ്കയില്‍
ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയിക്കാന്‍ ആവശ്യമായതിലും 10 റണ്‍സ് മുന്‍പിലാണ് ഇപ്പോള്‍ പാക്കിസ്ഥാന്
ലോകകപ്പിലെ പാക്കിസ്ഥാന്‍-ന്യൂസിലന്‍ഡ് മത്സരത്തിനിടെ വീണ്ടും മഴ. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 402 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന പാക്കിസ്ഥാന്‍ 21.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് എടുത്തിട്ടുണ്ട്. ഈ സമയത്താണ് മഴ കളി തടസപ്പെടുത്തിയത്. മഴ മൂലം ഇനി കളി നടന്നില്ലെങ്കില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം പാക്കിസ്ഥാനെ വിജയിച്ചതായി പ്രഖ്യാപിക്കും.
ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയിക്കാന്‍ ആവശ്യമായതിലും 10 റണ്‍സ് മുന്‍പിലാണ് ഇപ്പോള്‍ പാക്കിസ്ഥാന്‍. മഴ കളി തടസപ്പെടുത്താനുള്ള സാധ്യത മുന്നില്‍കണ്ടാണ് പാക്കിസ്ഥാന്‍ ഇന്നിങ്‌സ് ആരംഭിച്ചത്. ഓപ്പണര്‍ ഫഖര്‍ സമാന്‍ തുടക്കം മുതല്‍ ആഞ്ഞടിച്ചു. 69 പന്തില്‍ ഏഴ് ഫോറും ഒന്‍പത് സിക്‌സും സഹിതംെ 106 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ് ഫഖര്‍ ഇപ്പോള്‍. 51 പന്തില്‍ 47 റണ്‍സുമായി നായകന്‍ ബാബര്‍ അസം ആണ് ഫഖറിനൊപ്പം ക്രീസില്‍. നാല് റണ്‍സെടുത്ത അബ്ദുള്ള ഷഫീഖിയുടെ വിക്കറ്റാണ് പാക്കിസ്ഥാന് നഷ്ടമായത്.
സെമിയിലേക്കുള്ള യാത്രയില്‍ ഇരു ടീമുകള്‍ക്കും ഇന്നത്തെ കളി നിര്‍ണായകമാണ്. ആദ്യം ബാറ്റ് ചെയ്ത് 400 എടുത്തിട്ടും മഴ കാരണം കളി തോല്‍ക്കുമോ എന്ന ആശങ്കയിലാണ് ന്യൂസിലന്‍ഡ് ഇപ്പോള്‍. രചിന്‍ രവീന്ദ്ര (94 പന്തില്‍ 108), കെയ്ന്‍ വില്യംസണ്‍ (79 പന്തില്‍ 95), ഗ്ലെന്‍ ഫിലിപ്പ്‌സ് (25 പന്തില്‍ 41) തുടങ്ങിയവരുടെ ഇന്നിങ്‌സ് കരുത്തിലാണ് ന്യൂസിലന്‍ഡ് 401 റണ്‍സെടുത്തത്.