പാക് മണ്ണിലേക്ക് ക്രിക്കറ്റ് മത്സരങ്ങള്‍ വിരുന്നെത്തുന്നു: സുരക്ഷ പരിശോധിക്കാന്‍ ആറംഗ സംഘം

വെള്ളി, 23 ഓഗസ്റ്റ് 2019 (20:20 IST)
നീണ്ട ഇടവേളയ്‌ക്ക് ശേഷം പാകിസ്ഥാന്‍ മണ്ണിലേക്ക് നിശ്ചിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങളെത്തുന്നു. മൂന്ന് ട്വന്റി-20 മത്സരങ്ങളും അത്രയും തന്നെ ഏകദിനങ്ങളും കളിക്കാന്‍ ശ്രീലങ്കയാണ് പാകിസ്ഥാനിലെത്തുന്നത്. രണ്ട് ടെസ്‌റ്റ് മത്സരങ്ങളും പരമ്പരയില്‍ ഉണ്ടെങ്കിലും അവ നടക്കുന്നത് യു എ യിലായിരിക്കും.

2020ലാകും മത്സരങ്ങള്‍ നടക്കുകയെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം, മത്സരത്തിന്റെ തിയതിയും സമയവും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ആറംഗ ശ്രീലങ്കന്‍ സംഘം പാകിസ്ഥാന്‍ സന്ദര്‍ശിച്ച് സുരക്ഷ വിലയിരുത്തും. മത്സരങ്ങള്‍ നടക്കുന്ന സ്‌റ്റേഡിയങ്ങളും താരങ്ങള്‍ക്ക് താമസമൊരുക്കുന്ന ഹോട്ടലുകളും സംഘം പരിശോധിക്കും. സ്‌റ്റേഡിയവും ഹോട്ടലും തമ്മിലുള്ള ദൂരവും എത്തേണ്ട ബസ് സൌകര്യങ്ങളും പരിശോധനയ്‌ക്ക് വിധേയമാകും.

2009ല്‍ ശ്രീലങ്കന്‍ ടീമിനെതിരെ ഭീകരാക്രമണമുണ്ടായ ശേഷം പാകിസ്ഥാനില്‍ ടെസ്റ്റ് മത്സരങ്ങള്‍ നടന്നിട്ടില്ല. പിന്നീട് 2015ല്‍ സിംബാബ്‌വെ പാക്കിസ്ഥാനില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി എത്തിയിരുന്നു. 2017ല്‍ ശ്രീലങ്ക, പാക്കിസ്ഥാനില്‍ കളിച്ചിരുന്നു. അന്ന് ഒരു ടി20 മത്സരമാണ് ലങ്ക കളിച്ചത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം എന്തുകൊണ്ട് സെഞ്ചുറി നേടിയില്ല ?, നിരാശയുണ്ടോ ?; കലിപ്പന്‍ മറുപടിയുമായി രഹാനെ!