ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖര്‍. ഇന്ത്യയുടെ ലോകകപ്പ് വിജയം ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാനാവുന്നതാണെന്ന് വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി അറിയിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പറ്റി അഭിമാനിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ടൂര്‍ണമെന്റില്‍ ഉടനീളം ഗംഭീര പ്രകടനങ്ങള്‍ നടത്തിയ ഇന്ത്യയ്ക്ക് അഭിനന്ദനങ്ങളെന്നാണ് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചത്. സൂര്യകുമാര്‍ യാദവിന്റെ ക്യാച്ചിനെയും രോഹിത് ശര്‍മയുടെ നായകമികവിനെയും കോച്ചെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡിന്റെ പ്രവര്‍ത്തനങ്ങളെയും രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അടക്കമുള്ളവരും അഭിനന്ദങ്ങളുമായി രംഗത്തുവന്നു.
മമ്മൂട്ടി,മോഹന്‍ലാല്‍ തുടങ്ങി സിനിമാ- രാഷ്ട്രീയ- സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും ഇന്ത്യന്‍ ടീമിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തി. ടൂര്‍ണമെന്റില്‍ ഉടനീളം പുലര്‍ത്തിയ ആത്മവിശ്വാസവും മികവും കടുത്ത മത്സരം നേരിട്ട ഫൈനലിലും തുടരാന്‍ ഇന്ത്യയ്ക്കായെന്നും രാജ്യത്തിന് എന്തെന്നില്ലാത്ത ആനന്ദവും അഭിമാനവും പകരുന്ന ഈ വിജയം കായികമേഖലയില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ പ്രചോദനമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടി20 ക്രിക്കറ്റില്‍ ഇന്ത്യ ലോകവിജയം സ്വന്തമാക്കുന്നത്. 2013ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി കിരീടനേട്ടം കൂടിയാണിത്.