എനിക്കറിയാം അവര്‍ എത്രത്തോളം പരിശ്രമിച്ചു എന്ന്, ഈ കാഴ്ചകള്‍ അസഹനീയം; ലോകകപ്പ് തോല്‍വിയില്‍ ദ്രാവിഡ്
ഡ്രസിങ് റൂമില്‍ എല്ലാവരും നിരാശരാണ്, താരങ്ങള്‍ക്കിടയിലും സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ക്കിടയിലും ഈ നിരാശയുണ്ട്
ഇന്ത്യയുടെ ലോകകപ്പ് തോല്‍വിയില്‍ നിരാശനായി പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഫൈനലിലെ തോല്‍വിക്കു ശേഷമുള്ള ഡ്രസിങ് റൂം കാഴ്ചകള്‍ അസഹനീയമെന്ന് ദ്രാവിഡ് പറഞ്ഞു. അത്തരം കാഴ്ചകള്‍ കാണേണ്ടി വരുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് ദ്രാവിഡ് പറഞ്ഞു. തുടര്‍ച്ചയായ പത്ത് ജയങ്ങള്‍ക്ക് ശേഷമാണ് ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റത്.
' ഡ്രസിങ് റൂമില്‍ എല്ലാവരും നിരാശരാണ്, താരങ്ങള്‍ക്കിടയിലും സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ക്കിടയിലും ഈ നിരാശയുണ്ട്. പലതരം വൈകാരിക രംഗങ്ങള്‍ ഡ്രസിങ് റൂമില്‍ ഉണ്ടായി. ഒരു കോച്ച് എന്ന നിലയില്‍ അത്തരം കാഴ്ചകള്‍ കാണേണ്ടിവരുന്നത് വലിയ ബുദ്ധിമുട്ടാണ്. ഇവര്‍ എത്രത്തോളം പരിശ്രമിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. എത്രത്തോളം അവര്‍ ബുദ്ധിമുട്ടിയിട്ടുണ്ടെന്നും ത്യാഗം ചെയ്തിട്ടുണ്ടെന്നും ഞാന്‍ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ രംഗങ്ങള്‍ വേദനാജനകമാണ്. ഇവരെ ഓരോരുത്തരേയും വ്യക്തിപരമായി അറിയുന്നതിനാല്‍ ഈ കാഴ്ചകള്‍ പരിശീലകന്‍ എന്ന നിലയില്‍ എനിക്ക് അസഹനീയമാണ്. ഇത് സ്‌പോര്‍ട്‌സാണ്. കുറച്ച് കൂടി നന്നായി പെര്‍ഫോം ചെയ്തവര്‍ വിജയിച്ചു. ഇതില്‍ നിന്ന് ഞങ്ങള്‍ പാഠം ഉള്‍ക്കൊള്ളും. ഞങ്ങള്‍ തിരിച്ചുവരും,' ദ്രാവിഡ് പറഞ്ഞു.