ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി മുന്‍ ബാറ്റ്‌സ്മാന്‍ രാഹുല്‍ ദ്രാവിഡിനെ പരിഗണിക്കുന്നു. ഈ വര്‍ഷം നടക്കുന്ന ടി 20 ലോകകപ്പിന് ശേഷം നിലവിലെ പരിശീലകന്‍ രവി ശാസ്ത്രി സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് പുതിയ പരിശീലകനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നത്. യുവ താരങ്ങളെ കണ്ടെത്തുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും രാഹുല്‍ ദ്രാവിഡിന് പ്രത്യേക കഴിവുണ്ട്. അണ്ടര്‍ 19 ടീമിന്റെ പരിശീലകസ്ഥാനം വഹിച്ചുള്ള പരിചയവും ദ്രാവിഡിനുണ്ട്. മാത്രമല്ല, ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യയുടെ പരിശീലകന്‍ ദ്രാവിഡ് ആയിരുന്നു. ഈ ഘടകങ്ങളെല്ലാം രാഹുല്‍ ദ്രാവിഡിന് തുണയാകും. ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയുടെ പിന്തുണയും ദ്രാവിഡിനുണ്ട്. ഈ വര്‍ഷം അവസാനത്തോടെ രാഹുല്‍ ദ്രാവിഡ് മുഖ്യ പരിശീലകന്റെ വേഷത്തില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരാനുള്ള സാധ്യത ശക്തമാകുകയാണ്. പരിശീലക സ്ഥാനം ലഭിക്കാന്‍ അനില്‍ കുംബ്ലെയും രംഗത്തുണ്ടാകും. എന്നാല്‍, ബിസിസിഐയുടെ പിന്തുണ രാഹുല്‍ ദ്രാവിഡിനെ കൂടുതല്‍ ശക്തനാക്കുന്നു. 2023 ക്രിക്കറ്റ് ലോകകപ്പ് രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തിനു കീഴിലാണ് ഇന്ത്യ കളിക്കാന്‍ സാധ്യത.
2021 ട്വന്റി-20 ലോകകപ്പ് വരെയാണ് ശാസ്ത്രിയുടെ കരാര്‍ കാലാവധി. ബൗളിങ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍, ബാറ്റിങ് കോച്ച് വിക്രം റാത്തോഡ് എന്നിവരാണ് ശാസ്ത്രിയുടെ കോച്ചിങ് സ്റ്റാഫിലെ മറ്റു അംഗങ്ങള്‍. 2019 ലോകകപ്പ് സെമി ഫൈനല്‍, ഓസ്ട്രേലിയയിലെ ആദ്യ ടെസ്റ്റ് പരമ്പര വിജയം, ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ എന്നിവയെല്ലാം ശാസ്ത്രിയുടെ കോച്ചിങ്ങിന് കീഴിലാണ് ഇന്ത്യ കളിച്ചത്. കാലാവധി പുതുക്കി ശാസ്ത്രിയെ വീണ്ടും തുടരാന്‍ അനുവദിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.