ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ ഇന്ത്യയുടെ തകര്‍പ്പന്‍ ബാറ്റിംഗിന് അതേ നാണയത്തിലാണ് ഇംഗ്ലണ്ട് തിരിച്ചടി നല്‍കുന്നത്. ആദ്യ ഇന്നിങ്ങ്‌സില്‍ ശുഭ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍,റിഷഭ് പന്ത് എന്നിവരുടെ സെഞ്ചുറികരുത്തില്‍ 471 റണ്‍സാണ് ഇന്ത്യ നേടിയത്. എന്നാല്‍ രണ്ടാം ദിനം സ്റ്റമ്പ്‌സെടുക്കുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 209 എന്ന ശക്തമായ നിലയിലാണ് ഇംഗ്ലണ്ട്. സെഞ്ചുറിയോടെ ഒലി പോപ്പും റണ്‍സൊന്നുമെടുക്കാതെ ഹാരി ബ്രൂക്കുമാണ് ക്രീസില്‍.
മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ 3 വിക്കറ്റുകളും വീഴ്ത്തിയത് ബുമ്രയായിരുന്നു. ഈ സാഹചര്യത്തില്‍ ബുമ്രയ്ക്ക് മറ്റ് ഇന്ത്യന്‍ ബൗളര്‍മാരില്‍ നിന്നും യാതൊരു പിന്തുണയും ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രി. ബുമ്ര മാത്രമാണ് ഇന്ത്യയ്ക്കായി വിക്കറ്റ് വീഴ്ത്തുന്നതെന്ന് ശാസ്ത്രി വ്യക്തമാക്കി.
മത്സരത്തില്‍ 4 റണ്‍സെടുത്ത സാക് ക്രോളി, 62 റണ്‍സടിച്ച ബെന്‍ ഡക്കറ്റ്, 28 റണ്‍സെടുത്ത ജോ റൂട്ട് എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തിയത് ബുമ്രയായിരുന്നു. ഹാരി ബ്രൂക്കിനെ ബുമ്രയുടെ പന്തില്‍ പിടികൂടിയെങ്കിലും നോ ബോളായത് ഇംഗ്ലണ്ടിന് രക്ഷയായിരുന്നു. ലീഡ്‌സില്‍ 48 റണ്‍സ് വഴങ്ങി ബുമ്ര 3 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മറ്റ് ബൗളര്‍മാര്‍ 154 റണ്‍സ് വിട്ടുനല്‍കുകയാണ് ചെയ്തത്. ഇംഗ്ലീഷ് പിച്ചില്‍ മറ്റുള്ളവര്‍ വിക്കറ്റെടുക്കാന്‍ പാടുപെടുമ്പോള്‍ ബുമ്രയ്ക്ക് ജോലിഭാരം ഏറുകയാണെന്ന് ശാസ്ത്രി പറയുന്നു. പരമ്പര പുരോഗമിക്കുമ്പോള്‍ ബുമ്രയുടെ ജോലിഭാരം എന്താകുമോ എന്നതിനെ പറ്റി ആശങ്കയുണ്ട്. മറുവശത്ത് ആരെങ്കിലും വിക്കറ്റ് വീഴ്ത്തുമെന്ന് പ്രതീക്ഷിക്കുന്നു. ശാസ്ത്രി പറഞ്ഞു.